INDIA

'ഹിൻഡൻബർഗ് റിപ്പോർട്ട് ദുരുദ്ദേശ്യപരം, സുപ്രീം കോടതി തള്ളിയ ആരോപണങ്ങള്‍'; സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ലെന്ന് അദാനി ഗ്രൂപ്പ്

വെബ് ഡെസ്ക്

സെബി ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്. വ്യക്തിഗത ലാഭം കൊയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിഗമനങ്ങളിൽ എത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്യുന്നതെന്ന് അദാനി ആരോപിച്ചു. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്ന ഹിൻഡൻബർഗ് കണ്ടെത്തലിലാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.

ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച അദാനി ഗ്രൂപ്പ് അവകാശവാദങ്ങൾ 'ക്ഷുദ്രകരവും നികൃഷ്ടവും കൃത്രിമവും' ആണെന്നും ആരോപിച്ചു. സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീംകോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്. തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂർണമായും സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.

സെബി മേധാവി മാധുബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവൽ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കമ്പനി നടത്തുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് റിപ്പോർട്ട് ഉന്നയിക്കുന്നത്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്ത് വിട്ടത്. റിപ്പോർട്ട് തള്ളി മാധബി ബുച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം. അദാനി കമ്പനികളുടെ ഓഹരി ക്രമക്കേടില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന്റെ ബന്ധങ്ങള്‍ സംശയം ജനിപ്പിക്കുന്ന സാഹചര്യമെന്ന് പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാ രമേശ്, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മെഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

'അദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്മേലുള്ള അന്വേഷണത്തില്‍ വിചിത്രമായ വിമുഖത സുപ്രീം കോടതി വിദഗ്ധസമിതിയുടെ ഭാഗത്ത് നിന്ന് മാത്രമല്ലെന്നും ഇത് വളരെക്കാലമായി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് കുറിച്ചു. സെ ബി ചെയര്‍മാന്‍ പോലും അദാനി ഗ്രൂപ്പില്‍ നിക്ഷേപകനാകുന്ന സാഹചര്യം, ഇതാണ് യഥാര്‍ത്ഥ അദാനി മാര്‍ഗ്ഗമെന്നായിരുന്നു മെഹുവ മൊയ്ത്രയുടെ പ്രതികരണം.

അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു റിപ്പോർട്ട് പുറത്ത് വന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്