ലാഭകരമായ സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ ചെയര്‍മാന്‍ ഗൗതം അദാനി 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം തള്ളി അദാനി ഗ്രൂപ്പ്. 'അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ എന്നിവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും നിഷേധിക്കുന്നതുമാണ്,' അദാനി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്‌റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2,100 കോടി രൂപ ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി ഇരുപത് വര്‍ഷംകൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 1600 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നുമാണ് യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ പ്രധാന ആരോപണം.
'കുറ്റപത്രത്തിലേത് ആരോപണങ്ങളാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളാണെന്ന് കരുതപ്പെടുന്നു'എന്നും അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി, .
'അദാനി ഗ്രൂപ്പ് എല്ലായ്പ്പോഴും ഭരണത്തിന്‌റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധരും അതിന്‌റെ പ്രവര്‍ത്തനങ്ങളുടെ എല്ലാ അധികാരപരിധിയിലും സുതാര്യതയും നിയന്ത്രണ വിധേയത്വവുമുള്ളവരാണ്. നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കുന്നു' വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അറസ്റ്റ് വാറന്‌റ് പുറത്തുവന്നതിനു പിന്നാലേ അദാനിഗ്രൂപ്പ് ഓഹരികള്‍ ഇന്ന് തകര്‍ച്ചയിലേക്കെത്തി. വ്യാപാരം തുടങ്ങി ആദ്യമിനിറ്റില്‍തന്നെ ഒട്ടുമിക്ക അദാനിഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും തകര്‍ന്നടിഞ്ഞു.
മുഖ്യകമ്പനിയായ അദാനി എന്‌റര്‍പ്രൈസസ് 10 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സ് 20 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി 18.54 ശതമാനം, അദാനി പവര്‍ 15.86, അദാനി ടോട്ടല്‍ ഗ്യാസ് 18.15, അംബുജ സിമെന്‌റ് 15, അദാനി പോര്‍ട്‌സ് 10, അദാനി വില്‍മര്‍ 8.30, എസിസി 12.04, എന്‍ഡിടിവി 10 ശതമാനം എന്നിങ്ങനെയാണ് കൂപ്പുകുത്തിയത്.
അദാനി ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ച് പുനഃപരിശോധനയ്ക്ക് ജിക്യുജി പാര്‍ട്‌ണേഴ്‌സ് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നിക്ഷേപകന്‍ രാജീവ് ജയ്ന്‍ നയിക്കുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപകസ്ഥാപനമാണ് ജിക്യുജി.
അദാനിക്കെതിരെ യുഎസ് കേസെടുത്തതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജിക്യുജിയുടെ ഓഹരിവില 9.85 ശതമാനം ഇടിഞ്ഞിരുന്നു.