INDIA

രഹസ്യ നിക്ഷേപം, നിഴൽ കമ്പനികൾ, ഓഹരിവിലയിൽ കൃത്രിമം; ആരോപണ നിഴലിൽ അദാനി

രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി മൂല്യം ഉയര്‍ത്തി, ഓഫ്‌ഷോര്‍ സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്

വെബ് ഡെസ്ക്

ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്ന് എന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി തിരിമറിയെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) വിശദീകരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ രണ്ട് പങ്കാളികളെയും അവരുടെ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളെയും ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ സുപ്രീംകോടതി ഇടപെട്ട അന്വേഷണം നടന്നെങ്കിലും അദാനി ഗ്രൂപ്പിനെ പിടിക്കാനായില്ല. ഈ അന്വേഷണങ്ങള്‍ ഫലം കാണാത്തിടത്താണ് തെളിവുകളുമായി ഒസിസിആര്‍പി എത്തുന്നത്.

രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി മൂല്യം ഉയര്‍ത്തി, ഓഫ്‌ഷോര്‍ സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തിൽ രണ്ട് ഓഫ്ഷോർ കമ്പനികൾ വഴി നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും അവർക്ക് അദാനി ഗ്രൂപ്പുമായുള്ള വർഷങ്ങളോളമുള്ള ബന്ധവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അവിശ്വസനീയം അദാനിയുടെ വളർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറെ അടുപ്പമുള്ള ഗൗതം അദാനിയുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ആരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 2013ലെ എട്ട് ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് 2022ലെത്തുമ്പോള്‍ 260 ബില്യണ്‍ ഡോളറിലേക്ക് അദാനി ഗ്രൂപ്പ് കുതിച്ചുയര്‍ന്നു. വിമാനത്താവളം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി അദാനി ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകളില്ല. പ്രധാന സര്‍ക്കാര്‍ ടെൻഡറുകളും അവര്‍ സ്വന്തമാക്കി. നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധം അദാനിക്ക് മുതല്‍ക്കൂട്ടായെന്ന പ്രതിപക്ഷ ആരോപണം ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരെ രാഷ്ട്രീയ ആരോപണം മാത്രമായി നിന്നു. അദാനി ഗ്രൂപ്പിന്റെ ഇ-മെയിലുകള്‍, ബാങ്ക് റെക്കോര്‍ഡുകള്‍, നികുതി രേഖകള്‍ തുടങ്ങി നിരവധി രേഖകളാണ് ഇപ്പോള്‍ തെളിവായി ഒസിസിആര്‍പി മുന്നോട്ടുവയ്ക്കുന്നത്.

നിഴൽ കമ്പനികളും നിക്ഷേപവും

അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയ ചില 'പൊതു' നിക്ഷേപകര്‍ സ്ഥാപനത്തിന് അകത്തു നിന്നുള്ളര്‍ തന്നെയെന്നതാണ് പ്രധാന ആരോപണം. മൗറീഷ്യസ് ആസ്ഥാനമായ കമ്പനികള്‍ വഴി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇങ്ങനെ അദാനി ഓഹരികളിലെത്തി. ഇത്തരത്തിലുള്ള രഹസ്യ നിക്ഷേപകരില്‍ ചിലര്‍ക്ക് അദാനി ഗ്രൂപ്പുമായും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുകയാണ്.

അതാര്യ നിക്ഷേപം നടത്തിയ രണ്ട് ഓഫ്‌ഷോര്‍ സ്ഥാനങ്ങളുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതിന് പിന്നിലുള്ള നിക്ഷേപകരുടെ പേര് ആദ്യമായാണ് പുറത്തുവരുന്നത്.

യുഎഇ സ്വദേശി നാസര്‍ അലി ഷബാന്‍ അഹ്ലി,തായ്വാനില്‍ നിന്നുള്ള ചാങ് ചുങ്-ലിങ് എന്നിവര്‍ ഇത്തരത്തില്‍ അദാനിഗ്രൂപ്പില്‍ നിക്ഷേപം നടത്തിയവരാണെന്ന് ഒസിസിആര്‍പി കണ്ടെത്തി. ഇവര്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഓഹരി പങ്കാളികളോ ഡയറക്ടര്‍മാരോ ആയിരുന്നു എന്നാണ് കണ്ടെത്തല്‍. ഇവരുടെ നിക്ഷേപങ്ങളുടെ ചുമതലയുള്ള മാനേജ്മെന്റ് കമ്പനി, നിക്ഷേപം സംബന്ധിച്ച് ഉപദേശം നല്‍കാന്‍ വിനോദ് അദാനിയുടെ കമ്പനിക്ക് പണം നല്‍കിയെന്നും രേഖകളിലുണ്ട്. ഇരുവരും റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതാര്യ നിക്ഷേപം നടത്തിയ രണ്ട് ഓഫ്‌ഷോര്‍ സ്ഥാനങ്ങളുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതിന് പിന്നിലുള്ള നിക്ഷേപകരുടെ പേര് ആദ്യമായാണ് പുറത്തുവരുന്നത്.

എമര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ട് (EIFF) ഇഎം റിസര്‍ജെന്റ് ഫണ്ട്( EMRF) എന്നിവയിലൂടെയാണ് രണ്ട് വിദേശ നിക്ഷേപകരും പണം നിക്ഷേപിച്ചത്. 2013 നും 2018 നും ഇടയില്‍ നാല് അദാനി കമ്പനികളില്‍ ( അദാനി പവര്‍ , അദാനി എന്‌റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍സ്) വലിയ അളവിലുള്ള ഓഹരിക്കച്ചവടത്തിന് അഹ്ലിയും ചാങ്ങും ഈ ഫണ്ട് ഉപയോഗിച്ചു. അദാനി ഗ്രൂപ്പുകള്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം നടന്ന രണ്ട് സര്‍ക്കാര്‍ അന്വേഷണങ്ങളിലും അഹ്‌ലിയുടെയും ചാങ്ങിന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു.

ധനമന്ത്രാലയത്തിന കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‌റലിജന്‍സ് (ഡിആർഐ) 2007 ലും 2014 ലും എടുത്ത കേസുകള്‍ പിന്നീട് റദ്ദാക്കപ്പെട്ടു. 2007 ലെ ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ ചാങ്, മൂന്ന് അദാനി സ്ഥാനങ്ങളുടെ ഡയറക്ടറാണ്. അനധികൃത വജ്രവ്യാപാരത്തില്‍ അഹ്‌ലിയുടെ സ്ഥാപനത്തിന് പങ്കുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. 2014 ലെ കേസില്‍ ഇരുവരെയും വിനോദ് അമ്പാനിയുടെ സ്ഥാപനത്തിന്‌റെ ഡയറക്ടറെന്നാണ് സൂചിപ്പിച്ചിരുത്തുന്നത്. മുന്‍ കാലത്ത് ഇരുവര്‍ക്കും അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധം ഉണ്ടെന്നതിന് പുറമെ അദാനി സ്റ്റോക്കിലെ ചാങ്ങിന്റെയും അഹ്ലിയുടെയും വ്യാപാരം അദാനി കുടുംബവുമായി ഏകോപിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തലും പുതിയ റിപ്പോര്‍ട്ടിലുണ്ട്.

കണക്കിലെ കളികൾ

ഇരുവരും അദാനി ഗ്രൂപ്പിന് വേണ്ടിയാണ് ഇടപെടല്‍ നടത്തുന്നതെങ്കില്‍ 25 ശതമാന ഓഹരികളെങ്കിലും പൊതു നിക്ഷേപകര്‍ കയ്യാളണമെന്ന ഇന്ത്യന്‍ നിയമം അദാനി ഗ്രൂപ്പ് ലംഘിക്കുന്നുണ്ട്. ഒരു സ്ഥാപനം സ്വന്തം ഓഹരിയുടെ 75 ശതമാനത്തിലേറെ വാങ്ങുന്നത് നിയമവിരുദ്ധം മാത്രമല്ല, ഓഹരിവിലയില്‍ ക്രമക്കേട് നടത്തുക കൂടിയാണ്. ഇത്തരത്തില്‍ ഓഹരികള്‍ക്ക് കൃത്രിമ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും അതിലൂടെ ഓഹരി മൂല്യം ഉയര്‍ത്തുകയും ചെയ്യുന്നു. ഇതോടെ വിപണിയില്‍ നല്ല പ്രകടനം എന്ന പ്രതിച്ഛായ സൃഷ്ടിക്കാനും അതുവഴി എളുപ്പത്തില്‍ വായ്പ ലഭിക്കാനും സാധിക്കും. ഇത് പുതിയ കമ്പനികള്‍ രൂപീകരിക്കാന്‍ സഹായിക്കുന്നു.

എങ്ങുമെത്താത്ത അന്വേഷണം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും വിപണിയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. ദിവസങ്ങള്‍ക്കകം 60 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ലോകത്തിലെ മൂന്നാമത്തെ സമ്പന്നനെന്ന നിലയില്‍ നിന്ന് 24ാം സ്ഥാനത്തേക്ക് ഗൗതം അദാനി വീണു. ഇന്ത്യയ്‌ക്കെതിരായ ആക്രമണമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ അദാനി ഗ്രൂപ്പ് വ്യാഖ്യാനിച്ചത്. എന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചു.

അദാനി ഗ്രൂപ്പ് ഓഹരികള്‍ സ്വന്തമാക്കിയ 13 വിദേശ സ്ഥാപനങ്ങളെ കുറിച്ച് 2020ല്‍ തന്നെ സെബി അന്വേഷണം നടത്തി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സമാനമായ സംശയം പൊതുനിക്ഷേപകരുടെ കാര്യത്തില്‍ സെബിക്ക് നേരത്തെ ഉണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ സ്വന്തമാക്കിയ 13 വിദേശ സ്ഥാപനങ്ങളെ കുറിച്ച് 2020ല്‍ തന്നെ സെബി അന്വേഷണം നടത്തിയെന്നും എന്നാല്‍ ഈ പണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താകാതെ അന്വേഷണം വഴിമുട്ടിയെന്നുമാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇതിന് സമാന്തരമായി സെബി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തമാസം വരാനിരിക്കയാണ്.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live