ഗൗതം അദാനി 
INDIA

പ്രതിസന്ധിയൊഴിയാതെ അദാനി ഗ്രൂപ്പ്; 34,900 കോടിയുടെ പദ്ധതി നിര്‍ത്തിവച്ചു

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതില്ലെന്നും അദാനിഗ്രൂപ്പ് അറിയിച്ചു

വെബ് ഡെസ്ക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിന്റെ വന്‍കിട പദ്ധതികള്‍ വരെ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ മുന്ദ്രയില്‍ ആരംഭിച്ച പെട്രോകെമിക്കല്‍ പദ്ധതി അദാനി ഗ്രൂപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായാണ് പുതിയ വിവരം. 34,900 കോടി മുതല്‍ മുടക്കില്‍ 2021 ല്‍ ആരംഭിച്ച പദ്ധതിയാണ് നിര്‍ത്തിവച്ചത്. ഇക്കാര്യം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടപാടുകാരെ ഇ-മെയിലിലൂടെ അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളും തുടരേണ്ടതില്ലെന്നാണ് അറിയിപ്പിലെ ഉള്ളടക്കം എന്നാണ് വിവരം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതില്ലെന്നും അദാനിഗ്രൂപ്പ് അറിയിച്ചു

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡുമായി (എഇഎല്‍) ബന്ധപ്പെട്ടാണ് മുന്ദ്ര പെട്രോകെം ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ അദാനി തുറമുഖം ഉള്‍പ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയിലാണ് പദ്ധതി ആരംഭിച്ചത്. പ്രതിവര്‍ഷം 2,000 കിലോ ടണ്‍ പോളി-വിനൈല്‍-ക്ലോറൈഡ് (പിവിസി) ഉല്‍പ്പാദന ശേഷി ഉണ്ടായിരുന്ന പദ്ധതിയായിരുന്നു ഇത്. പദ്ധതിയ്ക്കായി ഓസ്ട്രേലിയ, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം 3.1 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. പെട്രോകെമിക്കല്‍ പദ്ധതി നിര്‍ത്തിവച്ചതിന് പുറമെ 7,000 കോടിരൂപ മുടക്കി കല്‍ക്കരി പ്ലാന്റ് വാങ്ങാനുള്ള നീക്കവും അദാനിഗ്രൂപ്പ് ഉപേക്ഷിച്ചതായാണ് വിവരം.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തുന്നുവെന്ന ആരോപണവുമായി ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ ഗൗതം അദാനി നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു. അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികള്‍ക്കും കൂടി 48 ബില്യണ്‍ ഡോളറാണ് ഇക്കാലയളവില്‍ നഷ്ടമായത്.

എന്നാല്‍, റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. സ്ഥാപനവുമായി ബന്ധപ്പെടാതെയും, വിശദവിവരങ്ങള്‍ ചോദിച്ചറിയാതെയുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോര്‍ട്ടെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പിന്റെ മുഴുവന്‍ വാദവും തള്ളി ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തി. റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ അദാനി ഗ്രൂപ്പിനായില്ലെന്ന് അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. അതിനാല്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും, അദാനി ഗ്രൂപ്പിനെതിരായ മുഴുവന്‍ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. സംഭവത്തില്‍ സുപ്രീംകോടതി ഇടപെടുകയും ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി