INDIA

അദാനി-ഹിൻഡൻബർഗ്: വിദഗ്ധ സമിതിയിൽ സുപ്രീംകോടതി വിധി ഇന്ന്

വെബ് ഡെസ്ക്

അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വൻ തകർച്ചയിലേക്ക് നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹിൻഡൻബ‌ർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച അന്വേഷിക്കാനും, നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാൻ പരിഹാര നിർദേശങ്ങൾ തയാറാക്കാനുമുളള വിദഗ്ദ്ധ സമിതിയെയും സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിക്കുക.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എം എല്‍ ശര്‍മ, വിശാല്‍ തിവാരി, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഫെബ്രുവരി 17 ഹര്‍ജികളില്‍ വാദം പുര്‍ത്തിയാക്കിയിരുന്നു. ഹർജികളിലുള്ള ഉത്തരവിറക്കാനായി ഫെബ്രുവരി 20ന് കോടതി മാറ്റിവെച്ചിരുന്നു. സമിതിക്ക് നേതൃത്വം നൽകുന്ന വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും മറ്റു അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും.

അദാനി-ഹിൻഡൻബർഗ് വിഷയം റിപ്പോർട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അ​​ന്വേഷണത്തിന് സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്നും കോടതിയുടെ ജോലി കോടതി ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിന് നിയന്ത്രണ ചട്ടക്കൂടിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നടക്കം നിർണയിക്കാൻ സ്വന്തം നിലയ്ക്ക് സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുദ്രവച്ച കവറിൽ സർക്കാർ സമർപ്പിച്ച നിർദേശം കോടതി തള്ളുകയും ചെയ്തു. റിപ്പോർട്ട് പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദേശിച്ച വിദഗ്‌ധരുടെ പേരുകൾ അടങ്ങിയ നിർദേശമാണ് തള്ളിയത്. കേന്ദ്ര നിർദേശം അംഗീകരിച്ചാൽ സർക്കാരിന്റെ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി.

ഏതന്വേഷണവും സ്വാഗതം ചെയ്യുന്നെന്നും നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമിതി അംഗങ്ങളെ നിര്‍ദേശിച്ച് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും