INDIA

'2019-ലെ ചര്‍ച്ചകൾക്ക് അദാനി ആതിഥേയത്വം വഹിച്ചു, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല'; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശരദ് പവാര്‍

അജിത് പവാറിന്‌റെ വെളിപ്പെടുത്തല്‍വന്ന് രണ്ട് ദിവസത്തിനുശേഷമാണ് വിശദീകരണവുമായി ശരദ് പവാര്‍ രംഗത്തെത്തിയത്

വെബ് ഡെസ്ക്

2019-ല്‍ മഹാരാഷ്ട്ര നിമയമസഭ തിരഞ്ഞെടുപ്പിനുശേഷം അവിഭക്ത എന്‍സിപിയും ബിജെപിയും തമ്മില്‍ ഗൗതം അദാനിയുടെ ഇടനിലയില്‍ ചര്‍ച്ച നടത്തിയിരുന്നെന്ന അജിത് പവാറിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് ശരദ് പവാര്‍. അദാനി പങ്കെടുത്ത മീറ്റിങ് അദ്ദേഹത്തിന്‌റെ വസതിയില്‍വച്ചാണ് നടന്നത്. അദ്ദേഹം അത്താഴവിരുന്ന് നടത്തിയെന്നും എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഭാഗമായിരുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. അജിത് പവാറിന്‌റെ വെളിപ്പെടുത്തല്‍വന്ന് രണ്ട് ദിവസത്തിനുശേഷമാണ് വിശദീകരണവുമായി ശരദ് പവാര്‍ രംഗത്തെത്തിയത്.

ദേശീയ മാധ്യമമായ ദ ന്യൂസ് മിനിറ്റ് ന്യൂസ്‌ലോണ്‍ട്രിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശരദ് പവാറിന്‌റെ വിശദീകരണം. തനിക്കു പുറമേ അദാനി, അമിത് ഷാ, അജിത് പവാര്‍ എന്നിവരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി, അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുമ്പാണ് അധികാരം പങ്കിടല്‍ ചര്‍ച്ച നടന്നത്- ശരദ് പവാര്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളില്‍നിന്ന് കേസുകള്‍ നേരിട്ട എന്‍സിപി സഹപ്രവര്‍ത്തകരില്‍ പലരും ബിജെപിയുമായി കൈകോര്‍ത്താല്‍ കേസുകള്‍ ഇല്ലാതാകുമെന്ന് ഉറപ്പ് ലഭിച്ചതായി തന്നോട് പറഞ്ഞതായി ശരദ് പവാറിനെ ഉദ്ധരിച്ച് ന്യൂസ് പോര്‍ട്ടല്‍ പറയുന്നു. ബിജെപിയുടെ വാഗ്ദാനം പാലിക്കുമെന്ന് തനിക്ക് ബോധ്യമാകാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നെന്ന് ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന വ്യക്തിയില്‍നിന്ന് എന്തുകൊണ്ട് കേട്ടുകൂടാ എന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അതുകൊണ്ടാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ അദാനിയുടെ വസതിയില്‍ നടന്ന അത്താഴവിരുന്നില്‍ പങ്കെടുത്തത്.

'ഒരു കൂടിക്കാഴ്ച നടന്നിട്ട് അഞ്ച് വര്‍ഷമാകുന്നു, അത് എവിടെയാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം, അത് ഡല്‍ഹിയിലെ ഒരു വ്യവസായിയുടെ വസതിയിലായിരുന്നു. അവിടെ അഞ്ച് മീറ്റിങ്ങുകള്‍ നടന്നു... അമിത് ഷാ അവിടെ ഉണ്ടായിരുന്നു, ഗൗതം അദാനി ഉണ്ടായിരുന്നു, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍, പവാര്‍ സാഹിബ് എന്നിവരുണ്ടായിരുന്നു... എല്ലാം തീരുമാനിച്ചിരുന്നു' കൂടിക്കാഴ്ടയെ പരാമര്‍ശിച്ച് അജിത് പവാര്‍ പറഞ്ഞു. അതിന്‌റെ പഴി എന്‌റെ മേല്‍ വീണു, ഞാനത് ഏറ്റെടുത്തു, കുറ്റം ഞാന്‍ ഏറ്റെടുക്കുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്തു- അജിത് പവാര്‍ പറഞ്ഞു.

എന്തുകൊണ്ട് ശരദ് പവാര്‍ ബിജെപിക്കൊപ്പം പോയില്ല എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു അജിത്തിന്‌റെ മറുപടി. 'ലോകത്ത് ആര്‍ക്കും വായിക്കാന്‍ കഴിയാത്ത നേതാവാണ് പവാര്‍ സാഹിബ്. അദ്ദേഹത്തിന്‌റെ മനസ് ആന്‌റിക്കും(ശരദ് പവാറിന്‌റെ ഭാര്യ പ്രതിഭ) ഞങ്ങളുടെ സുപ്രിയ(സുലേ)യ്ക്ക് പോലും അറിയില്ല- അദ്ദേഹം പറഞ്ഞു.

നവംബര്‍ 20ന് നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശങ്കര്‍ ജഗ്തപിനെതിരെ മത്സരിക്കുന്ന തന്‌ഫെ പാര്‍ട്ടി സ്ഥാനാര്‍ഥി രാഹുല്‍ കലേട്ടിന്‌റെ പ്രചാരണത്തിനായി ശരദ് പവാര്‍ ഇന്നലെ പുനെ ജില്ലയിലെ ചിഞ്ച് വാഡ് നിയമസഭ മണ്ഡലം സന്ദര്‍ശിച്ചു. സമീപ വര്‍ഷങ്ങളില്‍ മഹാരാഷ്ട്ര തെറ്റായ കൈകളില്‍ അകപ്പെട്ടിരിക്കുന്നുവെന്നും അതിന്‌റെ ഫലമായി വികസന തകര്‍ച്ചയ്ക്കും മുരടിപ്പിനും കാരണമായെന്നും ശരദ് പവാര്‍ വിമര്‍ശിച്ചു.

പാര്‍ട്ടി അന്വേഷിക്കില്ല, ആത്മകഥയില്‍ ഇപിയെ വിശ്വാസമെന്ന് എം വി ഗോവിന്ദന്‍

ചുവപ്പ് വിടാതെ ശ്രീലങ്ക, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ലാലിന്റെ സിനിമ ഇതിഹാസമാകും, 'ബാറോസ്' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; യുഎസ് ഉപരോധവും നയതന്ത്ര കാര്യങ്ങളും ചര്‍ച്ചയായെന്ന് സൂചന