അദാനി വിഷയത്തില്‍ ലോക്‌സഭയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും, പ്രതിപക്ഷവും. അദാനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ മോദിയുടെ ഇടപെടലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും, പ്രതിരോധിച്ച ഭരണ പക്ഷവും രംഗത്തെത്തുകയും ചെയ്‌തോടെ ലോക്‌സഭ പ്രക്ഷുബ്ധമായി.
ലോക്സഭയില്‍ രാവിലെ സഭാ നടപടികള്‍ ആരംഭിച്ചയുടന്‍ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. ചോദ്യോത്തര വേള നടത്താന്‍ അനുവദിക്കണമെന്ന സ്പീക്കര്‍ ഓം ബിര്‍ളയുടെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചില്ല. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അദാനി വിഷയത്തില്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നുകയാണെന്ന് ഖാര്‍ഗെ പ്രതികരിച്ചു. ''ബിജെപി നുണ പറയുന്നതില്‍ വിദഗ്ധരാണ്. കള്ളം പറയുന്നതിനും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവര്‍ പരിശീലനം നേടിയവരാണ്,'' ഖാര്‍ഗെ വ്യക്തമാക്കി.
വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും ഭരണപക്ഷത്തെ കടന്നാക്രമിച്ച് രംഗത്തെത്തി. രൂക്ഷമായ ഭാഷയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അദാനിയും മോദിയുമായുള്ള ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. രാജ്യം അദാനിക്ക് പതിച്ചു നല്‍കിയോ എന്ന് ചോദിച്ച രാഹുല്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. അദാനിക്ക് പ്രധാനമന്ത്രിയുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും മോദി ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ ഏറ്റവും സമ്പന്നനാക്കിയെന്നും രാഹുല്‍ തുറന്നടിച്ചു. ആറ് വിമാനത്താവളങ്ങല്‍ അദാനിയുടെ നിയന്ത്രണത്തിലാണെന്നും വിമാനത്താവള നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി നടത്തിയത് അദാനിക്കുവേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിരോധമേഖലയിലും വഴിവിട്ട് കരാര്‍ ഉണ്ടാക്കി മോദി അദാനിയെ സഹായിച്ചു. റോഡുകളും തുറമുഖങ്ങളും ഉള്‍പ്പെടെ എല്ലാം അദാനിക്ക് പതിച്ചുനല്‍കി.
2014മുതല്‍ അദാനിയുടെ ആസ്തി പലതവണ ഉയര്‍ന്നെന്നും മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അദാനി വിശ്വസ്തനാണെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് വികസനത്തിന് ചുക്കാന്‍ പിടിച്ചത് അദാനിയാണെന്നും അതുവഴി ആസ്തി ഉയര്‍ന്നുവെന്നുമുള്ള ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ചു.
രാഹുലിന്റെയും പ്രതിപക്ഷ നേതാക്കളുടെയും ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ആയിരുന്നു ഭരണപക്ഷത്തെ നയിച്ചത്. വന്യമായ ആരോപണങ്ങളാണ് പ്രതിപക്ഷ ഉന്നയിക്കുന്നത് എന്ന് ആരോപിച്ച അദ്ദേഹം ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോട് പ്രതികരിച്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അദാനിയും, മോദിയും ഒന്നിച്ചുള്ള ഫോട്ടോ ഉയര്‍ത്തിക്കാട്ടിയ രാഹുലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഊന്നിക്കൊണ്ട് സംസാരിക്കാനും സ്പീക്കര്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികളും തടസപ്പെട്ടു. ''പ്രധാനമന്ത്രി, പാര്‍ലമെന്റിലേക്ക് വരൂ'' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സഭാ നടപടികള്‍ തടസപ്പെട്ടത്.