INDIA

ജാതിമതഭേദമന്യേ ഭക്ഷണശാലകൾ തുറക്കാൻ കാരണം പെരിയാറെന്ന് അഡയാർ ആനന്ദഭവൻ ഉടമ; ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

കുലത്തൊഴിൽ രീതിക്ക് മാറ്റം കൊണ്ടുവന്നത് പെരിയാറാണെന്നും ആർക്കും ഏത് ജോലിയും തൊഴിലും ചെയ്യാമെന്നും രാജ പറഞ്ഞു

വെബ് ഡെസ്ക്

പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ കാരണമാണ് എല്ലാ ജാതിയിൽപ്പെട്ടവർക്കും വെജിറ്റേറിയൻ ഭക്ഷണശാലകൾ തുറക്കാൻ സാധിച്ചതെന്ന അഡയാർ ആനന്ദഭവന്റെ മാനേജിങ് ഡയറക്ടർ കെ ടി ശ്രീനിവാസ രാജയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റസ്റ്റോറന്റിനെതിരെ ബഹിഷ്‌ക്കരണാഹ്വാനവുമായി ഹിന്ദുത്വസംഘടനകളും സംഘപരിവാര്‍ അനുകൂലികളും.

നടനും എഴുത്തുകാരനുമായ ചിത്രലക്ഷ്മണന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രമുഖ ഭക്ഷണ ശൃംഖലയായ അഡയാർ ആനന്ദഭവന്റെ മാനേജിങ് ഡയറക്ടറായ ശ്രീനിവാസ രാജ തന്റെ നിരീക്ഷണം പങ്കുവച്ചത്. കുലത്തൊഴിൽ രീതിക്ക് മാറ്റം കൊണ്ടുവന്നത് പെരിയാറാണെന്നും ആർക്കും ഏത് ജോലിയും തൊഴിലും ചെയ്യാമെന്നും രാജ പറഞ്ഞു.

ഒരു കാലത്ത്, ഹോട്ടൽ വ്യവസായം, പ്രത്യേകിച്ച് വെജിറ്റേറിയൻ റസ്റ്റോറന്റുകൾ അയ്യർ വിഭാഗത്തിൽ പെട്ടവരായിരുന്നു നടത്തിയിരുന്നത്. പിന്നീട് അത് മാറാൻ തുടങ്ങി, അതിന്റെ കാരണമെന്താണെന്ന് നിങ്ങൾ കരുതുന്ന എന്ന ചിത്ര ലക്ഷമണന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു രാജ ഇക്കാര്യം പറഞ്ഞത്.

''ആർക്കും എന്തും ചെയ്യാം ഈ മാറ്റത്തിന് പ്രധാന കാരണം തന്തൈ പെരിയാറാണ്. പാരമ്പര്യത്തൊഴിലിന് (കുലത്തൊഴിൽ) മാറ്റം കൊണ്ടുവന്നത് അദ്ദേഹമാണ്. ആർക്കും ഏത് ജോലിയും ഏത് തൊഴിലും ചെയ്യാം. കാലം മാറുകയാണ്, സർക്കാരുകളും ബാങ്കുകളും ആളുകളെ പിന്തുണയ്ക്കുകയും വായ്പകൾ നൽകുകയും ചെയ്തു. ഒരു പ്രത്യേക സമുദായം ചെയ്തിരുന്ന ഒരു തൊഴിൽ ഇപ്പോൾ എല്ലാവരും ചെയ്യുന്നു. ആർക്കും കടലിൽ പോയി മീൻ പിടിക്കാം എന്ന മട്ടിലാണ് ഇത്,'' എന്നായിരുന്നു രാജയുടെ പ്രസ്താവന.

അഭിമുഖത്തിന്റെ ഭാഗം പുറത്തുവന്നതോടെയാണ് അഡയാർ ആനന്ദഭവൻ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും അനുയായികളും രംഗത്ത് എത്തിയത്. അഡയാർ ആനന്ദഭവൻ ഹിന്ദുക്കളെയും ബ്രാഹ്മണരെയും അധിക്ഷേപിക്കുകയാണെന്നും ഇവിടെനിന്ന് ഇനിമുതൽ ഭക്ഷണം വാങ്ങരുതൈന്നുമാണ് ആഹ്വാനം. ഹിന്ദു മക്കൾ കച്ചിയടക്കമുള്ള സംഘടനകളാണ് പ്രതിഷേധമുയർത്തിയിരിക്കുന്നത്.

പെരിയാർ ഹിന്ദു വിരുദ്ധനാണെന്നും നവരാത്രിക്കാലം മുതൽ അഡയാർ ആനന്ദഭവൻ ബഹിഷ്‌കരിക്കണമെന്നുമാണ് ഇവരുടെ ആഹ്വാനം. ബോയ്‌ക്കോട്ട് എ2ബി എന്ന ഹാഷ് ടാഗോടെയാണ് സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണാഹ്വാനം ശക്തിയായിരിക്കുന്നത്.

അതേസമയം ശ്രീനിവാസയ്ക്കും ആനന്ദഭവനും പിന്തുണയുമായി ഡിഎംകെ നേതാവ് കനിമൊഴിയടക്കമുള്ള നേതാക്കളും രംഗത്തെത്തി. 'സത്യം പറഞ്ഞതിന് നന്ദി' എന്ന അടികുറിപ്പോടെ ശ്രീനിവാസയുടെ അഭിമുഖത്തിന്റെ ഭാഗം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കനിമൊഴി പങ്കുവച്ചു. വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വണ്ണി അരസുവും ശ്രീനിവാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

''നേരത്തെ ഭക്ഷണശാലകളെ അയ്യർ അല്ലെങ്കിൽ അയ്യങ്കാർ ഹോട്ടലുകൾ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ ബ്രാഹ്മണരല്ലാത്തവരും വെജിറ്റേറിയൻ ഭക്ഷണശാലകൾ നടത്തിത്തുടങ്ങിയിട്ടുണ്ട്. ഒരു പ്രത്യേക ജാതി മാത്രം നടത്തിവന്നിരുന്ന ഈ ഭക്ഷണശാലകൾ എല്ലാ ജാതിക്കാർക്കും നടത്താൻ കഴിയുന്നതിന്റെ കാരണം തന്തൈ പെരിയാറാണെന്ന് അഡയാർ ആനന്ദഭവൻ ഉടമ പറഞ്ഞു. ഇതുകാരണം അഡയാർ ആനന്ദഭവൻ ബഹിഷ്‌കരിക്കുമെന്ന പ്രചാരണമാണ് സംഘപരിവാർ നടത്തുന്നത്. ഒബിസി ഹിന്ദുക്കളോടുള്ള അവരുടെ വെറുപ്പാണ് ഇതിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നത്,'' എന്നാണ് വണ്ണി അരസു പറഞ്ഞത്.

അഡയാർ ആനന്ദഭവൻ

മൂന്ന് പതിറ്റാണ്ട് മുമ്പ് ചെന്നൈ ആസ്ഥാനമാക്കി പരേതനായ കെഎസ് തിരുപ്പതി രാജ ആരംഭിച്ച സ്ഥാനപനമാണ് അഡയാർ ആനന്ദഭവൻ. എ2ബി എന്നറിയപ്പെടുന്ന ഈ റസ്റ്റോറന്റിന് നിലവിൽ ലോകവ്യാപകമായി 145ൽ അധികം ഔട്ട്ലെറ്റുകളുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ