'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എട്ടംഗ സമിതിയില്‍ നിന്നു പിന്മാറി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കാട്ടി അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സാധ്യതാ പഠനത്തിന്റെ ഫലം മുന്‍കൂട്ടി നിശ്ചയിച്ചു കഴിഞ്ഞതാണെന്നും വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രമായ സമിതിയിലേക്കുള്ള ക്ഷണം താന്‍ നിരസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
''സര്‍ക്കാര്‍ അജന്‍ഡ നേരത്തെ തന്നെ നിശ്ചയിച്ചു കഴിഞ്ഞതാണ്. അത് നടപ്പിലാക്കാന്‍ അവര്‍ തീരുമാനിച്ചും കഴിഞ്ഞു. ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ് സമിതി രൂപീകരണം. അത്തരത്തില്‍ ഒരു സമിതിയില്‍ നിന്നു പിന്മാറാന്‍ എനിക്ക് മടിയില്ല'' - ചൗധരി സമൂഹമാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി.
എന്നാല്‍ ചൗധരിയുടെ പിന്മാറ്റം പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഗണിക്കാത്തതില്‍ കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഖാര്‍ഗെയെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമിതിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ചൗധരി തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗ സമിതിയാണ് കേന്ദ്രം രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, മുന്‍ ലോക്‌സഭാ ജനറല്‍ സെക്രട്ടറി സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഉന്നതതല സമിതിയുടെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പങ്കെടുക്കും.
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ലക്ഷ്യം വയ്ക്കുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍. തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിര്‍ദ്ദേശിക്കും.
വിജ്ഞാപനത്തില്‍ അനുശാസിക്കുന്ന പ്രകാരം, ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ നിലവിലുള്ള ചട്ടക്കൂടും മറ്റ് നിയമപരമായ വ്യവസ്ഥകളും കണക്കിലെടുത്ത് ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകള്‍ കമ്മിറ്റി പരിശോധിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. 1950-ലെ ജനപ്രാതിനിധ്യ നിയമം, 1951-ലെ ജനപ്രാതിനിധ്യനിയമം, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭേദഗതികള്‍ ആവശ്യമുള്ള മറ്റ് നിയമം എന്നിവയാണ് പഠനവിധേയമാക്കുക.
തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കല്‍, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളുണ്ടെങ്കില്‍ സമിതി വിശകലനം ചെയ്യുകയും പരിഹാരങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും. തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിര്‍ദേശിക്കും. ഇവിഎമ്മുകള്‍, വിവിപാറ്റ് മുതലായ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ലോജിസ്റ്റിക്‌സും മനുഷ്യശക്തിയും സമിതി പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു.