'ലൈംഗികാസക്തി നിയന്ത്രിക്കാന്‍' കൗമാരക്കാരികളെ ഉപദേശിക്കുന്ന പരാമർശമുള്ള 2023-ലെ കല്‍ക്കട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള കൗമാരക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നതിനാൽ 2023 ഒക്ടോബര്‍ 18ലെ ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവുമാണെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇരുപതുകാരനെ വെറുതെവിട്ടുകൊണ്ടായിരുന്നു ഹൈക്കോടതി പരാമര്‍ശം. ഇതിനെതിരായ അപ്പീലിലാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വിധിന്യായങ്ങൾ എങ്ങനെ എഴുതണമെന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ ജസ്റ്റിസ് ഓക്ക, പോക്‌സോ നിയമത്തിലെ ആറ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3), 376(2)(എൻ) എന്നിവ പ്രകാരം പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചതായി കൂട്ടിച്ചേർത്തു.
കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രേഖപ്പെടുത്തിയ നിരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതി സ്വമേധയ റിട്ട് ഹര്‍ജി ആരംഭിക്കുകയായിരുന്നു.
ബാലനീതി നിയമത്തിലെ 30 മുതല്‍ 43 വരെയുള്ള വകുപ്പുകള്‍ക്കൊപ്പം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണനിയമത്തിന്‌റെ 19(6) വകുപ്പ് നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിധിയുടെ പ്രവര്‍ത്തന ഭാഗം വായിച്ചുകൊണ്ട് ജസ്റ്റിസ് ഓക്ക പറഞ്ഞു.
ലൈംഗികാതിക്രമത്തിനിരയായവരെ അപമാനിക്കുന്നതിനും സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിനുമുള്ള കോടതികളുടെ പൊതു പ്രവണതയെ വാദത്തിനിടെ സുപ്രീം കോടതി തള്ളി. ഇത്തരം വിധികൾ തീർത്തും തെറ്റാണെന്നും കോടതി പറഞ്ഞു. സാമൂഹികമായി നിർവചിക്കപ്പെട്ടിട്ടുള്ള കടമകൾ, പ്രത്യേകിച്ച് സ്ത്രീകൾക്കുമേൽ ചുമത്തപ്പെട്ടവ നിറവേറ്റുന്നതിൽ വ്യക്തിഗത അവകാശങ്ങൾ വിനിയോഗിക്കപ്പെടരുതെന്നു സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
ഐപിസി 363(തട്ടിക്കൊണ്ടു പോകലിനുള്ള ശിക്ഷ), 366(തട്ടിക്കൊണ്ടു പോകല്‍, ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയവ) കൂടാതെ പോക്‌സോ നിയമത്തിലെ ആറ് (ലൈംഗിക അതിക്രമം) വകുപ്പുകൾ പ്രകാരമാണു വിചാരണകോടതി പ്രതിയെ ശിക്ഷിച്ചത്.