INDIA

'ഈ പുസ്തകങ്ങളുടെ ഭാഗമായതില്‍ ലജ്ജിക്കുന്നു, പേരുകൾ നീക്കണം'; എൻസിഇആർടിയോട് മുൻ ഉപദേഷ്ടാക്കൾ

വെബ് ഡെസ്ക്

ചരിത്രത്തെ തിരുത്താൻ കേന്ദ്ര സർക്കാർ നടത്തിവരുന്ന പാഠപുസ്തകങ്ങളുടെ പരിഷ്കരണത്തിൽ പ്രതിഷേധവുമായി എൻസിഇആർടി പാഠപുസ്തകങ്ങളുടെ മുൻ മുഖ്യ ഉപദേഷ്ടാക്കൾ. പാഠപുസ്തകങ്ങളിലെ സ്വേച്ഛപരവും യുക്തിരഹിതവുമായ വെട്ടിനിരത്തലുകളിൽ പ്രതിഷേധിച്ച്, പാഠപുസ്തകങ്ങളിൽനിന്ന് മുഖ്യ ഉപദേഷ്ടാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ പേരുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും എൻസിഇആർടിക്ക് കത്തെഴുതി. 2006-07ൽ പ്രസിദ്ധീകരിച്ച പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽനിന്ന് തങ്ങളുടെ പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലിന് കത്തയച്ചത്.

എന്‍സിആര്‍ടി ഡയറക്ടര്‍ ദിനേശ് സ്‌ക്ലാനിയക്ക് അയച്ച കത്തിലാണ് യാദവും പാല്‍ഷിക്കറും മുഖ്യ ഉപദേഷ്ടാക്കളുടെ സ്ഥാനത്തുനിന്ന് പേരുകള്‍ നീക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) അനുസരിച്ച് സിലബസ് വികസിപ്പിക്കുന്നതിനായി 2005-ൽ രൂപീകരിച്ച പാഠപുസ്തക വികസന സമിതിയുടെ ഭാഗമായിരുന്നു ഇരുവരും. പേരുകള്‍ ഒഴിവാക്കാന്‍ കത്തയച്ചിട്ടുണ്ടെന്ന വിവരം ട്വിറ്ററിലൂടെയാണ് സുഹാസ് പാല്‍ഷിക്കര്‍ അറിയിച്ചത്. ഈ മാറ്റങ്ങളെക്കുറിച്ച് തങ്ങളോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.

'ഇതിൽ യുക്തിസഹമായ എന്തെങ്കിലുമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. തിരിച്ചറിയാനാകാത്ത വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അധികാരികളെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് പുതിയ മാറ്റങ്ങള്‍. പുതിയ മാറ്റങ്ങളക്കുറിച്ച് ഞങ്ങളോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ തിരുത്തലുകൾക്ക് മറ്റാരെങ്കിലുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവരോട് പൂര്‍ണമായി വിയോജിക്കുന്നു'- എന്‍സിആര്‍ടി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ഇരുവരും വ്യക്തമാക്കി.

'ഏതൊരു പാഠപുസ്തകത്തിനും ഒരു ആന്തരിക യുക്തിയുണ്ട്. അനാവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും പാഠപുസ്തകത്തിന്റെ ആത്മാവ് തന്നെ ഇല്ലാതാക്കും. ഈ പക്ഷപാതപരമായ നടപടി വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യാനും, വിമര്‍ശനം ഉന്നയിക്കാനുമുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും'- കത്തില്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിന്റെ രാഷ്ട്രീയ തത്വങ്ങളും കാലാകാലങ്ങളായി സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളും പഠിക്കാന്‍ ഇപ്പോഴത്തെ പുസ്തകങ്ങളിൽ നിന്ന് സാധിക്കില്ലെന്നും അവര്‍ കത്തില്‍ ആരോപിച്ചിട്ടുണ്ട്. മുഖ്യ ഉപദേഷ്ടാക്കളായി പാഠപുസ്തകത്തില്‍ തങ്ങളുടെ പേരുകള്‍ വച്ചതില്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നുവെന്നും കത്തില്‍ പറയുന്നു.

വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ തിരുത്തലുകളും ഒഴിവാക്കലുകളുമെന്നാണ് എൻസിഇആർടിയുടെ വിശദീകരണം. എന്നാല്‍ ചരിത്ര സംഭവങ്ങളെ കുറിച്ചുള്ള പ്രധാന ഭാഗങ്ങളാണ് എന്‍സിആര്‍ടി പലപ്പോഴായി നീക്കം ചെയ്യുന്നത്. 2002-ലെ ഗുജറാത്ത് കലാപം, മുഗൾ കാലഘട്ടത്തെയും ജാതി വ്യവസ്ഥയെയും കുറിച്ചുള്ള ഭാഗം, മഹാത്മാ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ എന്നിവയും പാഠഭാഗങ്ങളിൽ നിന്ന് പുറംതള്ളിയവയിൽ ഉൾപ്പെടുന്നു.

ഗാന്ധിവധം, ഗുജറാത്ത് കലാപം, മുഗള്‍ ചരിത്രം എന്നിവയ്ക്ക് പിന്നാലെ പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി എന്‍സിഇആര്‍ടി ഒഴിവാക്കിയിരുന്നു. കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാ​ഗങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് എന്‍സിഇആര്‍ടി ഉന്നയിക്കുന്ന വാദം. എൻഡിഎ സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം നടത്തുന്ന നാലാമത്തെ പാഠ്യപദ്ധതി പരിഷ്കരണമാണിത്. 

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?