കലാക്ഷേത്രയിലെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിയില്‍ നിന്ന് അഡ്വ. ബി എസ് അജീത രാജി വച്ചു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയോട് സ്ഥാപനമെടുക്കുന്ന നിലപാടില്‍ വിയോജിപ്പുള്ളതുകൊണ്ടാണ് രാജിയെന്നാണ് അജീത അറിയിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് രാജിക്കത്ത്
നിലവിലെ അന്തരീക്ഷം കണക്കിലെടുത്ത് സ്ഥാപനത്തില്‍ തുടരണോ വേണ്ടയോ എന്നതാണ് ചിന്തിക്കുന്നതെന്നും നിലവിലെ വിവാദങ്ങളില്‍ സ്ഥാപനം നടത്തിയ ഇടപെടലില്‍ തനിക്ക് സ്വന്തമായി നിലപാടുണ്ടെന്നും അജീത പറയുന്നു. ഐ സി അംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല, വിദ്യാര്‍ഥികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് രാജിക്കത്ത് അവസാനിപ്പിച്ചത്. ഈ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അജീത, തന്റെ രാജി ഉടന്‍ അംഗീകരിക്കണമെന്നും ഫൗണ്ടേഷനോട് അഭ്യര്‍ത്ഥിച്ചു,
കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പത്മനെ പോലീസ് അറസ്റ്റ് ചെയ്തത്. കലാക്ഷേത്ര ഫൗണ്ടേഷന് കീഴിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മുന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് അധ്യാപകനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്.
ലൈംഗികാതിക്രമ പരാതികളില്‍ നാല് അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രണ്ടു ദിവസം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തമിഴ്‌നാട് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എ എസ് കുമാരി ക്യാമ്പസ് സന്ദര്‍ശിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. കോളേജിലെ നൂറിലധികം വിദ്യാര്‍ഥികള്‍ കുമാരിക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.
നാല് അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേന്ദ്ര സാംസ്‌കാരിക മന്ത്രിക്കും വിദ്യാര്‍ഥികള്‍ കത്തയച്ചിരുന്നു, ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. കോളേജ് യൂണിയന്‍ തയ്യാറാക്കിയ കത്തില്‍ പ്രൊഫസര്‍ ഹരി പത്മന്‍, റിപ്പര്‍ട്ടറി ആര്‍ട്ടിസ്റ്റുകളായ സഞ്ജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നിവരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ലൈംഗികവും, വാക്കാലുള്ളതുമായ അധിക്ഷേപവും പീഡനവും നേരിടുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍, നൃത്തവിഭാഗം മേധാവി ഡോ. ജ്യോത്സ്ന മേനോന്‍ എന്നിവരില്‍നിന്ന് ബോഡി ഷെയ്മിങ്ങും ജാതിപരമായ അവഹേളനങ്ങളും മറ്റധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.