INDIA

ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പൂട്ടി; 'തുടരുന്നത് താലിബാന്‍ നയതന്ത്രജ്ഞര്‍'

വെബ് ഡെസ്ക്

ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തര വെല്ലുവിളികളെത്തുടര്‍ന്നാണ് സ്ഥിരമായി പൂട്ടാന്‍ തീരുമാനിച്ചതെന്ന് അഫ്ഗാന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീരുമാനം നവംബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നതായും എംബസി അറിയിച്ചു.

സെപ്റ്റംബര്‍ 30ന് എംബസി താത്കാലികമായി പൂട്ടിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എംബസി അന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ, ഇന്ത്യയിലെ എംബസി തലവനായിരുന്ന ഫരീദ് മമുണ്ഡ്‌സേയെ മാറ്റി മറ്റൊരാളെ നിയമിക്കാന്‍ താലിബാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ എംബസിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

എംബസിയുമായുള്ള സഹകരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. 2021ല്‍ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്ത താലിബാന്‍ രൂപീകരിച്ച സര്‍ക്കാരിനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് അഫ്ഗാന്‍ എംബസിയുമായുള്ള സഹകരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത്.

നയങ്ങളിലും താത്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമായാണ് ഈ തീരുമാനമെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു. ദൗത്യത്തിന്റെ കാലയളവില്‍ സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നന്ദി പറയുന്നതായും എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കാബൂളിലെ നിയമാനുസൃത സര്‍ക്കാരിന്റെ അഭാവത്തിലും വിഭവങ്ങളുടെയും അധികാരത്തിന്റെയും പരിമിതിയിലും അക്ഷീണം പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.

രണ്ടുവര്‍ഷത്തനിടെ, അഭയാര്‍ഥികളും വിദ്യാര്‍ഥികളും വ്യാപാരികളും ഉള്‍പ്പെടെ നിരവധി അഫ്ഗാന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടതായും ഇന്ത്യയിലെ അഫ്ഗാന്‍ സമൂഹത്തിൽ ഗണ്യമായ കുറവുണ്ടായതായും എംബസി പ്രസ്താവനയില്‍ പറയുന്നു. ഈ കാലയളവില്‍ അഫ്ഗാനില്‍നിന്നുള്ളവര്‍ക്ക് ഇന്ത്യ പരിമിതമായ വിസ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും എംബസി ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി പരമ്പരാഗതമായുള്ള ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനുള്ള അഫ്ഗാന്റെ താത്പര്യം മുന്‍നിര്‍ത്തി സുതാര്യവും ഉത്തരവാദിത്തപരവുമായി പ്രവർത്തിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. നിര്‍ഭാഗ്യവശാല്‍ താലിബാന്‍ നിയോഗിച്ച നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പ്രവര്‍ത്തനവും ന്യായീകരിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിച്ചുവെന്നും എംബസി പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയതായും താലിബാനുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇവിടെ തുടരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

നയതന്ത്ര ദൗത്യം പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറി. എംബസിയുടെ പ്രവര്‍ത്തനം താലിബാനുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും പൂട്ടുന്നതിനെ കുറിച്ചും തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണെന്നും എംബസി പ്രസ്താവനയില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും