INDIA

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരം തുറന്നു; സിനിമാ ഷൂട്ടിങ്ങിന് വേണ്ടി

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിങ് നടന്നതെങ്കിലും ഇപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.

വെബ് ഡെസ്ക്

വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരം തുറന്നുകൊടുത്ത് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഹിന്ദി സീരീസായ മഹാറാണിയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് നിയമസഭാ മന്ദിരം തുറന്നുകൊടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിങ് നടന്നതെങ്കിലും ഇപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിരന്തര ആവശ്യങ്ങള്‍ക്കിടയിലെ ഈ സംഭവം പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.

അതേസമയം, ഹുമ ഖുറേഷി അഭിനയിക്കുന്ന മഹാറാണിയുടെ ഷൂട്ടിങ് നിയമസഭാ മന്ദിരത്തില്‍ വെച്ച് നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമസ്ഥാപനമായ ദ ടെലഗ്രാഫിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ സിന്‍ഹ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. 1990കളിലെ ബിഹാറിലെ രാഷ്ട്രീയ സംഭവങ്ങളാണ് മഹാറാണിയുടെ ഇതിവൃത്തം. ബിഹാറിലെ മുഖ്യമന്ത്രിയായാണ് ഖുറേഷി അഭിനയിക്കുന്നത്.

രാഷ്ട്രീയ നേതാക്കള്‍ മന്ദിരത്തിന് പുറത്ത് നില്‍ക്കുമ്പോഴും നിയമസഭയ്ക്കുള്ളില്‍ ടിവി ഷൂട്ടിന് വേണ്ടി അനുവാദം നല്‍കിയ ഭരണകൂടത്തിന്റെ തീരുമാനം നാണക്കേടാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ജനാധിപത്യ മാതാവിന്റെ യഥാര്‍ത്ഥ മുഖമാണിതെന്ന ക്യാപ്ഷനോട് കൂടി ഷൂട്ടിങ് ചിത്രങ്ങള്‍ ഒമര്‍ അബ്ദുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

''ഒരു കാലത്ത് എല്ലാ പാര്‍ട്ടികളില്‍ നിന്നും മതങ്ങളില്‍ നിന്നും ജമ്മു കശ്മീരിന്റെ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ നിയമനിര്‍മാണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനേതാക്കള്‍ മന്ദിരത്തെ ടിവി നാടകങ്ങള്‍ക്കുള്ള സെറ്റായി ഉപയോഗിക്കുന്നു. ജമ്മു കശ്മീരിലെ ബിജെപി നയിക്കുന്ന ഭരണകൂടം ജനാധിപത്യത്തിന്റെ പ്രതീകത്തെ പരിതാപകരമായ അവസ്ഥയിലേക്കെത്തിച്ചത് ലജ്ജാവഹം'', -അദ്ദേഹം പറഞ്ഞു.

മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള ബിജെപി പിന്തുണ പിന്‍വലിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഡിസംബര്‍ 20ന് മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു. അന്നു മുതല്‍ ജമ്മു കശ്മീര്‍ നിയമസഭ പ്രവര്‍ത്തിച്ചിരുന്നില്ല.

എന്നാല്‍ അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന സമയത്ത് ഈ വര്‍ഷം ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2024 സെപ്തംബര്‍ 30-നകം ജമ്മു കശ്മീര്‍ നിയമസയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിര്‍ദേശം നല്‍കിയത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി