INDIA

ഹരിയാന സംഘർഷം: നൂഹില്‍ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഡെപ്യൂട്ടി സൂപ്രണ്ടിനെയും സ്ഥലം മാറ്റി

ജൂലൈ 31ന് സംഘർഷം ആരംഭിച്ച നൂഹിൽ നിന്ന് സ്ഥലം മാറ്റപ്പെടുന്ന മൂന്നാമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ജയ് പ്രകാശ്

വെബ് ഡെസ്ക്

വർഗീയ സംഘർഷം നടമാടുന്ന ഹരിയാനയിലെ നൂഹിൽ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡെപ്യൂട്ടി കമ്മീഷണർക്കും പോലീസ് സൂപ്രണ്ടിനും പിന്നാലെ ഡെപ്യൂട്ടി സൂപ്രണ്ടിനേയും സ്ഥലം മാറ്റി. നൂഹ് ഡിഎസ്‍പി ആയിരുന്ന ജയ് പ്രകാശിനെയാണ് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അഡിഷണൽ ചീഫ് സെക്രട്ടറി ടിവിഎസ്എൻ പ്രസാദ്, ജയ് പ്രകാശിനെ പഞ്ച്കുളയിലേക്ക് മാറ്റി ഭിവാനി ജില്ലാ ഡിഎസ് പി ആയിരുന്ന മുകേഷ് കുമാറിനെ നൂഹ് ഡിഎസ്പിയായി നിയമിച്ച് ഉത്തരവിറക്കിയത്.

സംഘർഷത്തിന് പിന്നാലെ നൂഹിൽ നിന്ന് സ്ഥലം മാറ്റപ്പെടുന്ന മൂന്നാമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ജയ് പ്രകാശ്. ജൂലൈ 31ന് വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഭവങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഇമാമും രണ്ട് ഹോം ഗാർഡുമുൾപ്പെടെ ആറ് പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. സംഘർഷം നൂഹിൽ നിന്ന് സമീപ ജില്ലകളിലേക്ക് കൂടി വ്യാപിച്ചതോടെ ചിലയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ഒരു മണി വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു.

നുഹിലും സമീപ ജില്ലകളിലും നടന്ന അക്രമങ്ങളിൽ 142 എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 305 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുവരെ അറസ്റ്റിലായ 305 പേരിൽ ഏതാണ്ട് 170 പേരാണ് നുഹ് ജില്ലയിൽ പിടിയിലായത്.

അനധികൃത നിർമാണങ്ങൾ എന്നാരോപിച്ച് വർഗീയ സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. നാല് ദിവസങ്ങളായി നടത്തിപോന്നിരുന്ന നടപടികൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവോടുകൂടിയാണ് നിർത്തിവച്ചത്. മുൻകൂർ നിർദേശങ്ങൾ പോലുമില്ലാതെയാണ് ബുൾഡോസർ ഉപയോഗിച്ച് പലയിടത്തും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. നൂഹിലും ഗുരുഗ്രാമിലും ആക്രമണ പരമ്പരകൾ അരങ്ങേറി ഒരാഴ്ചയ്ക്ക് ശേഷമാണ് കോടതി സ്വമേധയാ വിഷയം ഏറ്റെടുത്തത്. ഞായറാഴ്ച നൂഹ് സന്ദർശിക്കാനെത്തിയ സിപിഐയുടെ നാലംഗ പ്രതിനിധി സംഘത്തെ തടഞ്ഞുവച്ചത് വലിയ തർക്കത്തിനിടയാക്കിയിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍