ജോഷിമഠില്‍ രൂപപ്പെട്ട ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം ഉത്തരാഖണ്ഡിലെ മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. നൈനിറ്റാള്‍, ഉത്തരകാശി, ഗുപ്ത്കാശി, ഋഷികേശ്, കര്‍ണപ്രയാഗ്, മസൂറി മേഖലകളിലാണ് സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഋഷികേശിലെ അടാലി ഗ്രാമത്തില്‍ 85 വീടുകളിലെങ്കിലും വിള്ളലുകള്‍ രൂപപ്പെട്ടു. വിള്ളലുകളും മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു പ്രദേശമാണ് തെഹരി ഗര്‍വാള്‍. ചമ്പയിലെ ചെറിയ ഗ്രാമങ്ങളിലും പരിസരത്തും ഉരുള്‍പ്പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചാര്‍ ധാം റോഡ് പദ്ധതിക്കായി നിര്‍മ്മിക്കുന്ന 440 മീറ്റര്‍ തുരങ്കത്തിന് സമീപമുളള ചമ്പ മെയിന്‍ മാര്‍ക്കറ്റ് പ്രദേശങ്ങളിലാണ് തകര്‍ന്ന ഭൂരിഭാഗം വീടുകളും സ്ഥതിചെയ്യുന്നത്.
അല്‍മോറയിലെ വിവേകാനന്ദ പാര്‍വതീയ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപമാണ് ഭൂമി ഇടിഞ്ഞ് താഴുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം അവിടെ നടക്കുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ലക്ഷമി കാന്ത് പറഞ്ഞു.
കര്‍ണപ്രയാഗ് മേഖലയില്‍ സുരേന്ദ്ര ദേവ്, സിഎംപി ബെന്‍ഡ്, ഐഐടി കോളനി, ബഹുഗുണ നഗര്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുളളത്. ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് കര്‍ണപ്രയാഗ്. ഋഷികേശ്-കര്‍മപ്രയാഗ് റെയില്‍ പാതയടെയും ചാര്‍ ഡാം റോഡിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ പ്രദേശത്ത് ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന വന്‍കിട പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യം ജോഷിമഠിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമോ എന്ന് പ്രദേശവാസികള്‍ ഭയക്കുന്നു. അളകനന്ദ, പിണ്ഡാര്‍ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൂടി വരുന്നതും, ചാര്‍ ധാം റോഡ് പദ്ധതിക്ക് വേണ്ടി വലിയ രീതിയില്‍ കുന്നുകളിടിക്കുന്നതും, ജനസംഖ്യാ വര്‍ധനയുമെല്ലാം നിലവിലെ സാഹചര്യം രൂക്ഷമാകുന്നതിന് കാരണമായി.
സുരേന്ദ്ര ദേവ്, സിഎംപി ബെന്‍ഡ്, ഐഐടി കോളനി, ബഹുഗുണ നഗര്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുളളതെന്ന് കര്‍ണപ്രയാഗ് തഹസില്‍ദാര്‍ പറഞ്ഞു
ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള മസൂറിയിലെ ലാന്‍ഡൂര്‍ ബസാറില്‍ റോഡിന്റെ ഒരു ഭാഗം താഴ്ന്നുകൊണ്ടിരിക്കുന്നതായും വിള്ളലുകള്‍ വികസിക്കുകയും ചെയ്യുന്നതായി താമസക്കാര്‍ പറയുന്നു. 500 താമസക്കാര്‍ അപകട ഭീഷണിയിലാണെന്നും പ്രദേശവാസികള്‍ പറയുന്നു.
സമാനമായി 2018 ല്‍ നൈനിറ്റാളിലെ ലോവര്‍ മാള്‍ റോഡില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റോഡിന്റെ ഒരു ഭാഗം നൈനിറ്റാളിലെ തടകത്തിലേക്ക് താഴുകയും ചെയ്തു. അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും വീണ്ടും പഴയ സ്ഥിതിയിലേക്ക് മാറിട്ടുണ്ട്. അഗസ്ത്യമുനി ബ്ലോക്കിലെ ജാഹ്‌ലിമത് ബസ്തിയിലെ നിരവധി കുടുംബങ്ങളും വീട് വിട്ടൊഴിയേണ്ട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
ആവശ്യത്തിന് ആസൂത്രണമില്ലാതെ നടത്തിയ വന്‍ നിര്‍മ്മാണ പദ്ധതികളും ജനസംഖ്യാ വര്‍ധനവും വിനോദ സഞ്ചാരികള്‍ കൂടുതലായിവരുന്നതും ഉത്തരാഖണ്ഡിലെ മലയോര നഗരങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നത് എന്ന വാദവും ശക്തമാണ്. ഡെറാഡൂണ്‍ ആസ്ഥാനമായുളള ഹിമാലയന്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷനും പഠനങ്ങളിലൂടെ ഇക്കാര്യം സമര്‍ത്ഥിക്കുന്നു.