ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ സ്കൂളിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിന് പിന്നാലെ വിദ്വേഷ പരാമർശവുമായി മറ്റൊരു അധ്യാപിക. ഡൽഹി ഗാന്ധി നഗറിലെ സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ അധ്യാപികയായ ഹേമ ഗുലാത്തിയാണ് വിദ്യാർഥികളോട് വിദ്വേഷ പരാമർശം നടത്തിയത്.
വിഭജനത്തിന് ശേഷം എന്തുകൊണ്ടാണ് വിദ്യാർഥികളുടെ കുടുംബങ്ങൾ പാകിസ്താനിലേക്ക് പോകാത്തതെന്നായിരുന്നു അധ്യാപികയുടെ ചോദ്യം. പരാതി ലഭിച്ചതിനെ തുടർന്ന് അധ്യാപികയ്‌ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഖുറാനും മക്കയിലെ കഅബയ്‌ക്കെതിരെയും ഹേമ ഗുലാത്തി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് 25നാണ് സംഭവത്തിൽ വിദ്യാർഥികളുടെ കുടുംബം പരാതി നൽകുന്നത്. ബുധനാഴ്ചയാണ് ഹേമ ഗുലാത്തി വർഗീയ പരാമർശം നടത്തിയതെന്ന് വിദ്യാർഥികളിലൊരാളുടെ പരാതിയിൽ പറയുന്നു. മക്കയിലെ കഅബയെയും ഖുറാനെയും കുറിച്ച് അവർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി പരാതിയിൽ പറയുന്നു. ''വിഭജന സമയത്ത് നിങ്ങൾ പാകിസ്താനിലേക്ക് പോയില്ല. നിങ്ങൾ ഇന്ത്യയിൽ തന്നെ നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾക്ക് ഒരു പങ്കുമില്ല''- അധ്യാപിക പറഞ്ഞതായി പരാതിയിൽ പറയുന്നു.
വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന ഇത്തരം അധ്യാപികയെ പിരിച്ചുവിടണമെന്നുമാണ് വിദ്യാർഥികളുടെ കുടുംബം ആവശ്യപ്പെട്ടു. ''അധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, അവർ ഇനി ഒരു സ്‌കൂളിലും പഠിപ്പിക്കരുത്, കാരണം അവർ എവിടെ പോയാലും ഇത് തന്നെ ചെയ്യും''- ഒരു വിദ്യാർഥിയുടെ അമ്മ പറഞ്ഞു.
"എന്റെ രണ്ട് മക്കൾ ഇവിടെ പഠിക്കുന്നു, ഒരാൾ ഏഴാം ക്ലാസിലും മറ്റൊരാൾ നാലാം ക്ലാസിലും. ഈ അധ്യാപിക ശിക്ഷിക്കപ്പെടാതെ പോയാൽ, മറ്റ് അധ്യാപകരും ഇത് ചെയ്യാൻ ധൈര്യപ്പെടും. അവരോട് പഠിപ്പിക്കാൻ മാത്രം പറയണം അവർക്ക് അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കാതിരിക്കാനും പറയണം''- രക്ഷിതാക്കൾ പറയുന്നു.
അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചതായും അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകേണ്ടത് അധ്യാപകന്റെ ഉത്തരവാദിത്തമാണെന്ന് ഗാന്ധി നഗർ എംഎൽഎ അനിൽ കുമാർ ബാജ്പേയ് പ്രതികരിച്ചു.
ഉത്തർ പ്രദേശിലെ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യതലസ്ഥാനത്തും സമാന സംഭവം അരങ്ങേറുന്നത്. അധ്യാപികക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹോംവർക് ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാൻ നിർദേശിച്ചതെന്നാണ് അധ്യാപിക ത്രിപ്ത ത്യാഗിയുടെ പ്രതികരണം. താൻ ഭിന്നശേഷിക്കാരിയായായതുകൊണ്ടാണ് ഇത്തരം നടപടി സ്വീകരിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടതെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിന് ശേഷം സ്കൂൾ അടച്ചുപൂട്ടിയിരുന്നു.