INDIA

കാത്തിരിപ്പിന് വിരാമം; സമ്മതിദാനം നിറവേറ്റാൻ ഒരു പതിറ്റാണ്ടു കാത്തിരുന്ന കശ്മീർ ജനത

ഇടയ്ക്കുവെച്ച് താഴെവീണ ഒടുവിലത്തെ കശ്മീർ സർക്കാരിന് എന്താണ് സംഭവിച്ചത്? എന്തുകൊണ്ട് 10 വർഷമായി മേഖലയിൽ തിരഞ്ഞെടുപ്പ് നടന്നില്ല?

വെബ് ഡെസ്ക്

ഒരു പതിറ്റാണ്ടിനുശേഷം കശ്മീരിലെ ജനങ്ങൾ പോളിങ് ബൂത്തിലേക്കെത്തുകയാണ്. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ സെപ്തംബർ 18ന് ആരംഭിച്ച് ഒക്ടോബർ ഒന്നിന് അവസാനിക്കുന്ന തരത്തിൽ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് 2014നുശേഷം തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിക്കാനുള്ള കശ്മീരിലെ ജനങ്ങളുടെ അവകാശം പ്രകടിപ്പിക്കുന്ന സാഹചര്യമായി മാറും. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിന് മാത്രമായിരിക്കും തിരഞ്ഞെടുപ്പ്.

ജമ്മു കശ്മീരിൽ നിലവിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. അതിൽ 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീരിലുമാണ്. 3.71 ലക്ഷം പുതിയ വോട്ടർമാരാണ് ജമ്മുകശ്മീരിലുള്ളത്. ഫലം പ്രഖ്യാപിക്കുന്നത് ഒക്ടോബർ നാലിനായിരിക്കും.

കാലാവധി പൂർത്തിയാക്കാത്ത ഒടുവിലത്തെ കശ്മീർ സർക്കാരിന് എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ട് 10 വർഷമായി മേഖലയിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നതും പരിശോധിക്കേണ്ടതുണ്ട്.

എങ്ങനെ ഒടുവിൽ തിരഞ്ഞെടുപ്പ് സാധ്യമായി?

ഇത്രയും കാലമായി ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കാതിരുന്ന കശ്മീർ ജനത എങ്ങനെ അവസാനം പോളിങ് ബൂത്തുകളിലേക്കെത്തുന്നുവെന്ന ചോദ്യം ഏറെ പ്രസക്തമാണ്. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് 2022 ഡിസംബറിലാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. അന്ന് നൽകിയ കാലപരിധി 2024 സെപ്തംബർ 30 ആയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ്‌ ഖന്ന, ബിആർ ഗവായ്, സൂര്യ കാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയും സംസ്ഥാനത്തെ ജമ്മു കശ്മീരും ലഡാക്കുമാക്കി വിഭജിച്ചും കൊണ്ടുള്ള 2019 ഓഗസ്റ്റ് അഞ്ചിനു വന്ന കേന്ദ്ര സർക്കാർ തീരുമാനം ബെഞ്ച് ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ഈ പ്രദേശങ്ങൾക്ക് എത്രയും പെട്ടന്ന് സംസ്ഥാനപദവി നൽകണമെന്നും 2024 സെപ്തംബർ 30നുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

" പുനഃസംഘടന നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ജമ്മു ആൻഡ് കശ്മീർ നിയമസഭയിലേക്ക് 2024 സെപ്തംബർ 30 ന് മുമ്പായി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണം, സംസ്ഥാനപദവി കഴിയാവുന്നത്രയും വേഗത്തിൽ തന്നെ നൽകണം" എന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉത്തരവിൽ പറഞ്ഞത്.

എന്താണ് 2014ൽ സംഭവിച്ചത്

2014ൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിൽ വലിയ പൊട്ടിത്തെറികളുണ്ടായിരുന്നു. ഇരു കക്ഷികളും സഖ്യം ഉപേക്ഷിക്കുന്നതിലേക്കു വരെ കാര്യങ്ങൾ എത്തി.

അഞ്ച് ഘട്ടങ്ങളിലായി 2014 നവംബർ 25 മുതൽ ഡിസംബർ 20 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അത്തവണ പതിവിൽനിന്നു വ്യത്യസ്തമായി കശ്മീരിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. സാധാരണഗതിയിൽ നടക്കുന്നതുപോലെ വലിയൊരു ശതമാനം വോട്ടർമാരും അത്തവണ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടില്ലെന്നു വ്യക്തമായിരുന്നു.

ഡിസംബർ 23ന് ഫലം പുറത്തുവന്നപ്പോൾ പിഡിപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 87 സീറ്റുകളിൽ 28 എണ്ണം അവർ നേടി. ബിജെപി- 25, നാഷണൽ കോൺഫറൻസ്- 15, കോൺഗ്രസ്- 12, ജെകെപിസി-രണ്ട്, സിപിഎം, ജെകെപിഡിഎഫ്- ഒന്നു വീതം, സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയായിരുന്നു മറ്റു കക്ഷിനില.

ബിജെപി കേന്ദ്രത്തിൽ ആദ്യമായി ഭരണം പിടിച്ച സമയമായിരുന്നു അത്. ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണംപിടിക്കുന്ന കാഴ്ചയാണ്‌ പിന്നീട് കണ്ടത്. 2015 മാർച്ച് ഒന്നിനു പുതിയ സർക്കാർ അധികാരത്തിൽ വന്നു. പിഡിയുടെ മുഫ്തി മുഹമ്മദ് സെയ്ദായിരുന്നു മുഖ്യമന്ത്രി. ബിജെപി നേതാവ് നിർമൽ കുമാർ സിങ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. 2016 ജനുവരിയിൽ മുഫ്തി മുഹമ്മദ് സെയ്ദ് മരിക്കുകയും മകൾ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. പക്ഷേ ആ സർക്കാർ അധികകാലം തുടർന്നില്ല.

മുഫ്തി മുഹമ്മദ് സെയ്ദ് മരിച്ചശേഷം കുറച്ചുകാലം കശ്മീരിൽ ഗവർണർ ഭരണം നിലനിന്നിരുന്നു. അതിനുശേഷമാണ് മെഹ്ബൂബ മുഫ്തി അധികാരമേൽക്കുന്നത്. 2018 ജൂൺ 19ന് ബിജെപി പിന്തുണ പിൻവലിച്ചതോടെ മെഹ്ബൂബ മുഫ്തി സർക്കാർ താഴെവീണു.

"ബിജെപിക്ക് ജമ്മു കശ്മീരിലെ സർക്കാരുമായി ഒത്തുപോകാൻ സാധിക്കാത്ത അവസ്ഥ വന്നിരിക്കുന്നു," എന്നാണ് അന്ന് ബിജെപി നേതാവ് റാം മാധവ് പറഞ്ഞത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു ഉൾക്കൊള്ളുന്നുവെന്നും സംസ്ഥാനത്തെ നിലവിലെ അവസ്ഥ നിയന്ത്രണവിധേയമാക്കാൻ ഭരണം ഗവർണർക്ക് നൽകാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ നയങ്ങളെ വിമർശിച്ച് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. അനുച്ഛേദം 370നുവേണ്ടിയും 35എയ്ക്കുവേണ്ടിയും ഞങ്ങൾ വാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഫ്തി, കശ്മീരിലെ ജനതയെ നമുക്ക് ശത്രുക്കളായി കാണാൻ സാധിക്കില്ലെന്നും പറയുകയുണ്ടായി. ചില പ്രാദേശിക കക്ഷികൾ പിഡിപിക്കു പിന്തുണ നൽകാൻ തയാറായിരുന്നെങ്കിലും ഗവർണർ സത്യപാൽ മാലിക് സർക്കാർ പിരിച്ചുവിട്ടു. 2018ൽ കേന്ദ്രം രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചു. 2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് പിൻവലിച്ച് ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ച് പ്രഖ്യാപനം നടന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി