രാജ്യത്തെ സൈനിക റിക്രൂട്ട്മെന്റ് ചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച അഗ്നിപഥ് പദ്ധതിയിൽ പരിഷ്കരണങ്ങൾക്ക് വഴിയൊരുങ്ങുന്നു. പദ്ധതിപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ട അഗ്നിവീറുമാരിൽ 50 ശതമാനം പേരെ സേനയിൽ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇത് 25 ശതമാനമാണ്. പ്രായപരിധി 23 ആക്കി ഉയർത്താനും സാധ്യതയുണ്ട്.
പുതിയ നിർദേശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പട്ടാളക്കാരുടെ എണ്ണത്തിൽകുറവുണ്ടാകുന്ന സാഹചര്യത്തിലാണ് 50 ശതമാനം പേരെ നിലനിർത്താനുള്ള നീക്കം. ഏവിയേഷൻ, എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ സാങ്കേതിക സ്ട്രീമുകളിൽ, യോഗ്യരായ അഗ്നിവീറുമാരെ ഉൾപ്പെടുത്തുന്നതിൽ വെല്ലുവിളികളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പദ്ധതി പരിഷ്കരണം ചർച്ചയാകുന്നത്. പ്രായപരിധി 23 ആക്കിയാൽ പോളിടെക്നിക്കുകളിൽ നിന്നുൾപ്പെടെ പഠിച്ചിറങ്ങുന്നവരെ പരിഗണിക്കാനാകുമെന്നാണ് വിലയിരുത്തൽ.
അടുത്ത മൂന്നുവർഷത്തേക്കുള്ള സൈനിക റിക്രൂട്ട്മെന്റിൽ ഷെഡ്യൂളുകൾ നേരത്തെതന്നെ നിശ്ചയിച്ചതാണ്. റിക്രൂട്ട്മെന്റ് റാലികളുടെ എണ്ണം വർധിപ്പിക്കാൻ സൈന്യം പദ്ധതിയിടുന്നുണ്ട്. സൈനികരുടെ എണ്ണത്തിലെ കുറവ് നികത്താനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റിക്രൂട്ട്മെന്റുകൾ കുറവാകുന്നത് സൈനികരുടെ ഒഴിവ് നികത്തുന്നതിൽ വലിയ തിരിച്ചടിയാണ്. 2026 ഓടെ ഏകദേശം 1.75 ലക്ഷം യുവാക്കൾ അഗ്നിപഥ് പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതിവർഷം 60,000 പേരാണ് സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്. കരസേനയിൽ 1.18 ലക്ഷം, നാവികസേനയിൽ 11587, വ്യോമസേനയിൽ 5819 എന്നിങ്ങനെ സൈനികരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് 2021ൽ പാർലമെന്റിൽ പ്രതിരോധമന്ത്രി അറിയിച്ചിരുന്നു. പിന്നാലെയാണ് അഗ്നിപഥ് നടപ്പാക്കിയത്. സൈന്യത്തിൽ കൂടുതൽ യുവാക്കൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവും പദ്ധതി നടപ്പാക്കിയതിന് പിന്നിലുണ്ടായിരുന്നു.