INDIA

ജോഷിമഠിന് സമീപം ബദരീനാഥ് ഹൈവേയില്‍ പുതിയ വിള്ളലുകള്‍; ചാര്‍ ധാം യാത്രയ്ക്കും വെല്ലുവിളി

ജോഷിമഠിനും മര്‍വാരിക്കും ഇടയിലുള്ള 10 കിലോമീറ്റര്‍ ദൂരത്തിലാണ് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിലെ പവിത്ര നഗരം എന്നറിയപ്പെടുന്ന ജോഷിമഠില്‍ ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം അവസാനിക്കുന്നില്ല. ബദരിനാഥ് ഹൈവേയിലാണ് പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്തോളം വിള്ളലുകളാണ് മേഖലയില്‍ പുതിയയതായി പ്രത്യക്ഷപ്പെട്ടത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രശസ്തമായ ചാര്‍ ധാം തീര്‍ത്ഥയാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാന ഹൈവേയില്‍ ഉള്‍പ്പെടെ പുതിയ വിള്ളലുകള്‍ രൂപം കൊണ്ടത്. ഗര്‍വാള്‍ ഹിമാലയത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരിനാഥിലെ ക്ഷേത്രനഗരിയുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് വിള്ളലുള്ളത്.

ജോഷിമഠിനും മര്‍വാരിക്കും ഇടയിലുള്ള 10 കിലോമീറ്റര്‍ ദൂരത്തിലാണ് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. മലയോര പ്രദേശമായ രവിഗ്രാം മുനിസിപ്പല്‍ വാര്‍ഡിലെ സീറോ ബെന്‍ഡിന് സമീപം ഹൈവേയുടെ ഒരു ചെറിയ ഭാഗം താഴ്ന്നതായും പ്രദേശവാസികള്‍ പറയുന്നു.

തീര്‍ത്ഥാടന സീസണ് മുന്നോടിയായി റോഡില്‍ പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചാര്‍ ധാം യാത്രാ സമയത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കടന്ന് പോകുക. കഴിഞ്ഞ വര്‍ഷം 17.6 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ബദരീനാഥില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍പ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ സിമന്റ് ഉപയോഗിച്ച് നികത്തിയ ഹൈവേയിലെ വിള്ളലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്

മുന്‍പ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ സിമന്റ് ഉപയോഗിച്ച് നികത്തിയ ഹൈവേയിലെ വിള്ളലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ വിദഗ്ധര്‍ വിശദമായി പരിശോധിക്കമമെന്നും നേരത്തേ റിപ്പോര്‍ട്ട് ചെയ്തവയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് പ്രദേശത്തുള്ളവരുടെ ആവശ്യം. വിള്ളലുകള്‍ പരിശോധിക്കുന്നുണ്ടെന്നും റോഡിലെ സ്ഥിതി ആശങ്കാജനകമല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി പഴയ വിള്ളലുകള്‍ വികസിക്കുകയും പുതിയ വിള്ളലുകള്‍ രൂപം കൊള്ളുകയും ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതി ഭാരവാഹികളും ഇക്കാര്യം ചുണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ജോഷിമഠിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമിയിലെ വിള്ളല്‍ രൂക്ഷമായിത്തുടങ്ങിയത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ