INDIA

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് ഈശ്വരപ്പ, ശിവമോഗയിൽ പ്രതിഷേധം; സ്ഥാനാർഥി പട്ടികയിൽ തീരുമാനമാകാതെ കർണാടക ബിജെപി

ദ ഫോർത്ത് - ബെംഗളൂരു

കർണാടക ബിജെപിയിലെ തലമുതിർന്ന നേതാവും മുൻ ഉപ മുഖ്യമന്ത്രിയും ശിവമോഗ എംഎഎയുമായ കെ എസ് ഈശ്വരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈശ്വരപ്പ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്ക് കത്തയച്ചു. പാർട്ടി പറയുന്ന സ്ഥാനം വഹിക്കുകയും കർണാടകയിൽ ബിജെപിയുടെ ഭൂരിപക്ഷ സർക്കാരിനെ അധികാരത്തിലേറ്റാൻ പ്രയത്നിക്കുകയും ചെയ്യുമെന്ന് ഈശ്വരപ്പ  ബിജെപി നേതൃത്വത്തെ അറിയിച്ചു. ഈശ്വരപ്പയുടെ പ്രഖ്യാപനത്തെ തുടർന്ന് മണ്ഡലമായ ശിവമോഗയിൽ അനുയായികൾ പ്രതിഷേധിച്ചു.

ശിവമോഗയിൽ ഈശ്വരപ്പ അനുകൂലികളുടെ പ്രതിഷധം

"നേരത്തെ പലതവണ ബിജെപിക്ക് കർണാടക ഭരിക്കാൻ അവസരം ലഭിച്ചെങ്കിലും ഭൂരിപക്ഷ സർക്കാരുകൾ ആയിരുന്നില്ല, അവയൊന്നും. കാലാവധി തികച്ച് ഭരിച്ച ചരിത്രവും ബിജെപിക്കില്ല. ചരിത്രം തിരുത്തി കുറിക്കാൻ പാർട്ടിയെ ശക്തിപ്പെടുത്താനാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നത് "-വിരമിക്കലിനെ കുറിച്ച് ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി മുന്നോട്ടുവച്ച 70 വയസ് പ്രായപരിധിയാണ് 75 കാരനായ ഈശ്വരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് തിരിച്ചടിയാകുന്നത്. മകൻ കെ ഇ കാന്തേഷിന് വരുന്ന തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന ഈശ്വരപ്പയുടെ ആവശ്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, ഈശ്വരപ്പ മാറി നിന്നാൽ മകന് അവസരം ലഭിക്കുമോയെന്ന കാര്യത്തിൽ ഇപ്പോൾ  വ്യക്തതയില്ല.

അനുയായികളെ ശാന്തരാക്കാൻ ശ്രമിക്കുന്ന ഈശ്വരപ്പ

കർണാടകയിലെ ബിജെപി സർക്കാരിനെതിരെ പൊതുമരാമത്ത് കോൺട്രാക്ടർമാർ കമ്മീഷൻ ആരോപണം ഉന്നയിച്ചത് ഈശ്വരപ്പ വകുപ്പ് മന്ത്രിയായിരുന്ന സമയത്തായിരുന്നു. അഴിമതി ആരോപണത്തിലും കരാറുകാരന്റെ ആത്മഹത്യയിലും കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനെ തുടർന്ന് ഈശ്വരപ്പയ്ക്ക് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. വീണ്ടും മന്ത്രിസഭയിൽ കയറിപ്പറ്റാൻ  ഈശ്വരപ്പ ചരടുവലി നടത്തിയെങ്കിലും ദേശീയ നേതൃത്വം ചെവി കൊടുത്തില്ല.

കർണാടക ബിജെപിയിൽ അതൃപ്തനായി തുടരുകയായിരുന്നു 75 കാരനായ ഈശ്വരപ്പ. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ഇതുവരെയും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ബിജെപി ദേശീയ നേതൃത്വത്തിനായിട്ടില്ല. പഴയ വിമത എംഎൽഎമാരെ ഒഴിവാക്കുമെന്നതായതോടെ അവർക്കായി ദേശീയ നേതൃത്വത്തിന് മേൽ കടുത്ത സമ്മർദം ചെലുത്തുകയാണ്‌ ബിഎസ് യെദ്യുരപ്പയും ബസവരാജ്‌ ബൊമ്മെയും. ആദ്യഘട്ട സ്ഥാനാർഥിപട്ടിക നാളെയെങ്കിലും പുറത്തുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. തർക്കമുള്ള സീറ്റുകളിൽ അന്തിമ തീരുമാനം ബിജെപി പാർലമെന്ററി ബോർഡിന് വിട്ടിരിക്കുകയാണ്. 

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?