കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍ സ്‌കീം (യുപിഎസ്) അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. യുപിഎസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് മഹാരാഷ്ട്രയുടെ നടപടി. യുപിഎസ് പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ വിവിധ സര്‍വീസ് സംഘടനകള്‍ പദ്ധതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ആകെ 13.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പുതിയ പെന്‍ഷന്‍ സ്‌കീം അടുത്തവര്‍ഷം ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരുക. സര്‍ക്കാര്‍ ജീവനക്കാര്‍, ഗ്രാന്റ്-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കാര്‍ഷികേതര സര്‍വ്വകലാശാലകള്‍, അവയുടെ അഫിലിയേറ്റഡ് എയ്ഡഡ് സര്‍ക്കാര്‍ ഇതര കോളേജുകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, ജില്ലാ പരിഷത്ത് ജീവനക്കാര്‍ എന്നിവയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ യുപിഎസ് പദ്ധതിക്ക് കീഴില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുപിഎസ് അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറുമ്പോള്‍ കേരളത്തില്‍ യുപിഎസ് നടപ്പാക്കുമോ എന്നതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. കേന്ദ്രത്തിന്റെ യുപിഎസ് വിശദമായി പഠിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഒരു തീരുമാനത്തിലേക്ക് എത്തുക എന്നതാണ് ലഭിക്കുന്ന വിവരം. നിലവിലുള്ള പങ്കാളിത്തപെന്‍ഷന്‍ (എന്‍പിഎസ്) പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. എന്‍പിഎസില്‍ കേന്ദ്രം അടയ്ക്കുന്ന തുക 14 ശതമാനമാണ്, ജീവനക്കാര്‍ 10 ശതമാനവും. സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ അടയ്ക്കുന്ന വിഹിതം 14 ശതമാനമാക്കി ഉയര്‍ത്തിയിട്ടില്ല. 10 ശതമാനമാണ് സര്‍ക്കാര്‍ അടയ്ക്കുന്നത്.
എന്‍പിസിന്റെ പഠന സമിതി ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ ഇതിന് തയാറായിട്ടില്ല. സാമ്പത്തിക ബാധ്യതയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. യുപിഎസ് പ്രകാരം സര്‍ക്കാര്‍ വിഹിതം 18.5 ശതമാനമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിനോടകം തന്നെ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ പത്തില്‍ നിന്ന് 18.5 ശതമാനമാക്കി വിഹിതം ഉയര്‍ത്തുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് എത്രത്തോളം പ്രായോഗികമാണെന്നതില്‍ ആശങ്കയുണ്ട്. യുപിഎസ് പ്രകാരം മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ബാധ്യത കൂടാനാണ് സാധ്യത. ഇതിന് സര്‍ക്കാര്‍ തയാറാകുമോയെന്നതും ചോദ്യമാണ്. അല്ലാത്തപക്ഷം, യുപിഎസിന് സമാന്തരമായി ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപംകൊടുക്കേണ്ടതായി വരും.
യുപിഎസ് പ്രകാരം സര്‍ക്കാര്‍ 18.5 ശതമാനവും ജീവനക്കാരുടെ വിഹിതം 10 ശതമാനമാവുമായിരിക്കും. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക 10,000 രൂപയായിരിക്കും. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതി തുക പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും.
എന്‍പിഎസിലേക്ക് വരുമ്പോള്‍ വിഹിതത്തിന്റെ കണക്ക് 10 ശതമാനമാണ്. ഉറപ്പായ പെന്‍ഷനും ഏറ്റവും കുറഞ്ഞ പെന്‍ഷനും നിശ്ചയിച്ചിട്ടില്ല.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പ്രകാരമാണെങ്കില്‍ ജീവനക്കാര്‍ വിഹിതം നല്‍കേണ്ടതില്ല. അവസാന പത്ത് മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയായിരിക്കും പെന്‍ഷന്‍. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയായിരിക്കും. വിരമിക്കല്‍ പ്രായം 56 വയസാണ്. മറ്റ് രണ്ട് പദ്ധതി പ്രകാരം ഇത് 60 വയസാണ്.