നരേന്ദ്ര മോദി, അഹമ്മദ് പട്ടേല്‍  
INDIA

'മോദിക്കെതിരെ അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തി' കോൺഗ്രസിനെ ലക്ഷ്യമിട്ട് ഗുജറാത്ത് പൊലീസ്

മുഖ്യ പ്രതി അഹമ്മദ് പട്ടേല്‍, വ്യാജരേഖ കേസില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്ത സാമുഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ പ്രതിപട്ടികയില്‍

വെബ് ഡെസ്ക്

ഗുജറാത്ത് കലാപത്തില്‍ മോദിയെ പ്രതിയാക്കാനുളള നീക്കം നടന്നെന്ന് പ്രത്യേക അന്വേഷണസംഘം. കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ ടീസ്റ്റ സെതല്‍വാദിന് ഇതിനായി 30 ലക്ഷം രൂപ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആരോപണം. എസ് ഐ ടി അഹമ്മദാബാദ് സെഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഗുജറാത്തില്‍ നിന്നുളള മുന്‍ രാജ്യസഭാംഗവും,കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷമാണ് അഹമ്മദ് പട്ടേൽ നിര്യാതനായത്. മരിച്ചവരെ പോലും വെറുതെ വിടാത്ത രീതിയിലാണ് പ്രതിപക്ഷത്തെ പ്രധാനമന്ത്രി വേട്ടയാടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

കലാപശേഷം ടീസ്റ്റ സെതല്‍വാദും അഹമ്മദ് പട്ടേലും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ച്ചയില്‍ പട്ടേലിന്റെ നിര്‍ദ്ദേശപ്രകരം അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും, പിന്നീട് അഹമ്മദാബാദിലെ ഷാഹിബാഗിലുള്ള സര്‍ക്യൂട്ട് ഹൗസില്‍വച്ച് 25 ലക്ഷം രൂപയും പട്ടേല്‍ ടീസ്റ്റ സെതല്‍വാദിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആരോപണം.

ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഗൂഢാലോചന നടത്തിയെന്നും, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയടക്കമുളളവരെ പ്രതിചേര്‍ക്കാന്‍ ആ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി എന്നും ആരോപിച്ചുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം സെഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഗുജറാത്ത് കലാപത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിൻ്റെ ഭാഗമാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു. കലാപം തടയുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടതുകൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തെ രാജധർമ്മത്തെക്കുറിച്ച് ഓർമ്മിപ്പിക്കേണ്ടിവന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

നരേന്ദ്രമോദിയെ ഗുജറാത്ത് കലാപ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലാണ് ടീസ്റ്റ സെതൽവാദും ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീകുമാറും. ഗുജറാത്ത് കലാപ സമയത്ത് ഗുജറാത്ത് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് കഴിഞ്ഞ മൂന്ന് വർഷമായി വിചാരണയും ജാമ്യവും ഇല്ലാതെ ജയിലിലാണ്. നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്നും നടപടിയെടുക്കണമെന്നും സുപ്രീം കോടതിയായിരുന്നു നിർദ്ദേശിച്ചത്. നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് തള്ളികളയണമെന്നാവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഇഷ്ഹാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നൽകിയ ഹർജി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം

2022 ഫെബ്രുവരി 27 ഗോദ്ര സ്റ്റേഷനില്‍ അയോധ്യയില്‍ നിന്നുളള കര്‍സേവകരായ 59 തീര്‍ത്ഥാടകര്‍ വെന്ത് മരിച്ചു അതിനെ തുടര്‍ന്ന് ഗുജറാത്തില്‍ മുസ്ലിം വിരുദ്ധ കലാപം അണപൊട്ടിയൊഴുകി. വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത കലാപത്തില്‍ 1200പേര്‍ കൊല്ലപെട്ടു.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ മൗനാനുവാദവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും കലാപത്തിനു പിന്നില്‍ ഉണ്ടായിരുന്നെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗുജറാത്ത് ഗൂഢാലോചന കേസില്‍ സുപ്രീം കോടതി രണ്ട് ആഴ്ച്ച മുന്‍പ്‌ മോദിയടക്കം 64 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ