ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനപ്പെട്ട പദ്ധതിയായ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സാമ്പത്തിക ഇടനാഴി പ്രഖ്യാപനം നടത്തിയത്. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയായ 'വൺ ബെല്‍റ്റ് റോഡ്' പദ്ധതിക്ക് ബലദായാണ് പുത്തന്‍ സാമ്പത്തിക ഇടനാഴി.
കടല്‍-റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന വലിയ പദ്ധതിക്കാണ് കരാറായത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടനാഴിയാണ് ഇതോടെ യാഥാര്‍ഥ്യമാകുക. എന്നാല്‍ റെയില്‍വേ ലൈനുകളും റോഡുകളും മാത്രമുള്ള സാമ്പത്തിക ഇടനാഴിയെന്ന സങ്കല്‍പ്പത്തിനുമപ്പുറം തുറമുഖങ്ങളും ഡേറ്റ ലൈനുകളും വൈദ്യുതി നെറ്റ്‌വര്‍ക്കുകളും ഹൈഡ്രജന്‍ പൈപ്പ് ലൈനുകളുമൊക്കെയുള്ള വമ്പന്‍ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍ പോലുള്ള ഊര്‍ജ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും വ്യാപാരം ഉത്തേജിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. ഈ നിര്‍ദിഷ്ട ഇടനാഴിയുടെ രണ്ടറ്റത്തും ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഷിപ്പിംഗ് പാതകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന റെയില്‍വേ ലിങ്ക് അറേബ്യന്‍ പെനിന്‍സുലയിലൂടെ സ്ഥാപിക്കുന്നതാണ് പദ്ധതി.
സാമ്പത്തിക ഇടനാഴി ലോകത്തിന് മുഴുവന്‍ സുസ്ഥിരമായ വഴി കാണിച്ചുതരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വരുംകാലങ്ങളില്‍ ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയുടെ ഏകീകരണത്തിനുള്ള മാധ്യമമായി ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി മാറും. കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് വികസന യാത്രയില്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറയുന്നു.
''ഇതൊരു വലിയ പദ്ധതിയാണ്. നല്ല നാളേക്കായി കൂടുതല്‍ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് നമ്മുടെ ലക്ഷ്യം'' - അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനമെങ്കിലും 140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയ്ക്ക് പദ്ധതി വലിയ അവസരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പദ്ധതി യാഥാര്‍ഥ്യമായാല്‍ സൗദി, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ തന്ത്രപ്രധാന ബന്ധമുണ്ടാക്കാമെന്ന അമേരിക്കയുടെ തന്ത്രം വിജയിക്കാനും സാധ്യതയുണ്ട്.
തെക്കു കിഴക്കന്‍ ഏഷ്യ മുതല്‍ യൂറോപ്പ് വരെ നീളുന്ന തടസ്സങ്ങളില്ലാത്ത ഇടനാഴി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള ഔദ്യോഗിക ടൈംലൈനുകളോ ആവശ്യമായ ധനസഹായം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോ ഉടനടി ലഭ്യമല്ല. എങ്കിലും ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം ത്വരിതപ്പെടുത്തുന്ന, തടസ്സങ്ങളില്ലാത്തതും മുന്‍ഗണനയുള്ളതുമായ മള്‍ട്ടി മോഡല്‍ ഇടനാഴി വിന്യസിക്കാന്‍ പദ്ധതി സഹായിക്കും. അറേബ്യന്‍ ഉപദ്വീപിലെ ലാന്‍ഡ് റൂട്ട് ഉപയോഗിക്കുന്നത് വഴി ചരക്ക് കപ്പലുകള്‍ നിലവില്‍ കൊണ്ടുപോകുന്ന തിരക്കേറിയ സൂയസ് കനാല്‍ മറികടക്കാന്‍ സാധിക്കും. തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ യൂറോപ്പ് വരെ നീളുന്ന തടസ്സങ്ങളില്ലാത്ത ഇടനാഴി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.