INDIA

ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്മണനെന്ന് പ്രചാരണം; എല്ലാവരും ആദമിന്റെയും ഹവ്വയുടെയും മക്കളെന്ന് ഒവൈസി

ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്ന് ജമ്മു കശ്മീർ നേതാവ് ഗുലാം നബി ആസാദ് അടുത്തിടെ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ വിവാദം

വെബ് ഡെസ്ക്

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ബ്രാഹ്മണനായ തുളസി രാംദാസാണെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതികരിച്ച് ഒവൈസി. ഒരു വംശം കെട്ടിപ്പടുക്കേണ്ടിവരുമ്പോഴും സംഘികൾക്ക് തനിക്കായി ഒരു ബ്രാഹ്മണ പൂർവ്വികനെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നത് രസകരമായ കാര്യമാണെന്നാണ് ഒവൈസിയുടെ പ്രതികരണം. ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്ന് ജമ്മു കശ്മീർ നേതാവ് ഗുലാം നബി ആസാദ് അടുത്തിടെ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ വിവാദം.

"നമ്മൾ ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരം പറയണം. നാമെല്ലാവരും ആദമിന്റെയും ഹവ്വയുടെയും മക്കളാണ്. എന്നെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളുടെ തുല്യാവകാശങ്ങൾക്കും പൗരത്വത്തിനും വേണ്ടിയുള്ള ജനാധിപത്യ പോരാട്ടം ആധുനിക ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. അത് 'ഹിന്ദുഫോബിയ' അല്ല", ട്വിറ്ററിൽ ഒവൈസി കുറിച്ചു.

എല്ലാ മുസ്ലീങ്ങൾക്കും ഹിന്ദു പൂർവ്വികരുണ്ടെന്നും അവർ നിർബന്ധിതമായി മതപരിവർത്തനം ചെയ്യപ്പെട്ടുവെന്നും ആയിരുന്നു വിവാദത്തിനാധാരമായ എക്സില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛൻ ബൽമുകുന്ദ് കൗൾ ഒരു ഹിന്ദു ബ്രാഹ്മണൻ ആയിരുന്നുവെന്നും ജിന്നയുടെ പിതാവ് ഹിന്ദു ഖോജ ജാതിയിൽപ്പെട്ട ജിന്നാഭായ് ഖോജ ആയിരുന്നുവെന്നും അവകാശവാദമുന്നയിച്ച ട്വീറ്റിലാണ് ഒവൈസിയുടെ മുതുമുത്തച്ഛൻ ഹിന്ദു ബ്രാഹ്മണൻ ആണെന്ന് ആരോപിച്ചിരിക്കുന്നത്.

ഒവൈസിയുടെ വംശപരമ്പരയെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉയരുന്നത് ഇതാദ്യമല്ല. ഒവൈസിയുടെ മുതുമുത്തച്ഛൻ ഹൈദരാബാദിലെ ബ്രാഹ്മണനാണെന്നും അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചെന്നും 2017ൽ ബിജെപി രാജ്യസഭാ എംപി രാകേഷ് സിൻഹ പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. “എന്റെ മുത്തച്ഛനല്ല, അദ്ദേഹത്തിന്റെ മുത്തച്ഛനും അയാളുടെ മുതുമുത്തച്ഛനും എല്ലാ മുത്തച്ഛന്മാരും ആദം നബിയിൽ നിന്നാണ് വന്നത് എന്നായിരുന്നു ഒവൈസി അന്ന് രാകേഷ് സിൻഹയ്ക്ക് മറുപടി നൽകിയത്.

ഇന്ത്യൻ മുസ്ലീങ്ങളിൽ ഭൂരിഭാഗവും ഹിന്ദുമതത്തിൽ നിന്ന് മതം മാറിയവരാണെന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ ഗുലാം നബി ആസാദ് പറഞ്ഞത് അടുത്തിടെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിരലിലെണ്ണാവുന്ന മുസ്ലീങ്ങൾ മാത്രമാണ് പുറത്തുനിന്ന് വന്നതെന്നും ബാക്കിയുള്ളവർ ഇന്ത്യയിൽ നിന്ന് ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന. 600 വർഷങ്ങൾക്ക് മുമ്പ് കശ്മീരിലെ മുസ്ലീങ്ങൾ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവർ ഇസ്ലാം മതം സ്വീകരിച്ചു. ഇതിനെ ഉദാ​ഹരണമായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് തന്റെ പ്രസ്താവനയെ വിശദീകരിച്ചത്.

എന്നാൽ, ആസാദിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തിയും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് തന്റെ പൂർവ്വികരെക്കുറിച്ച് എന്ത് അറിവുണ്ടെന്ന് എനിക്കറിയില്ല. കുരങ്ങുകളെ പൂർവ്വികരായി കണ്ടെത്തുന്നിടത്തേക്ക് മടങ്ങാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കും എന്നായിരുന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന മെഹബൂബ ഈ വിഷയത്തിൽ പ്രതികരിച്ചത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി