എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടതോടെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ്ങും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിട്ട 40 ജീവനക്കാരെയും തിരിച്ചെടുക്കാന്‍ ധാരണയായി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയാറാകുകയായിരുന്നു. അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നാളെ ജോലിക്ക് കയറും. മൂന്നു ദിവസങ്ങള്‍ക്കകം പതിവ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നും അലോക് സിങ് അറിയിച്ചു.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനിന്റെ പുതിയ നയങ്ങള്‍ക്കെതിരെ കൂട്ട അസുഖാവധി എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. എന്നാല്‍ പ്രതിഷേധിച്ച ജീവവനക്കാര്‍ക്കെതിരേ കടുത്ത നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. അവധിയെടുത്ത് പ്രതിഷേധിച്ച ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു.
സമരം രാജ്യത്തെ വിമാന സര്‍വിസുകളെ സാരമായി ബാധിച്ചു. ഇതോടെ നൂറുകണക്കിനു പേര്‍ക്ക് യാത്ര മുടങ്ങി. ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രകളാണ് മുടങ്ങിയത്. കേരളത്തില്‍ കണ്ണൂരില്‍നിന്നുള്ള ഷാര്‍ജ, അബുദാബി, ദമാം തുടങ്ങി നാല് സർവസിസുകൾ റദ്ദാക്കി. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരം ലഭിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്ര മേയ് 13-നു ശേഷം മാത്രമേ തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായും യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കരിപ്പൂരിൽനിന്നുള്ള മൂന്നു സർവിസുകൾ റദ്ദാക്കി. എട്ടു മണിക്കുള്ള അൽ ഐൻ, 8.50നുള്ള ജിദ്ദ, 9.30നുള്ള ദോഹ സർവിസുകളാണ് റദ്ദാക്കിയത്.
സമരത്തെത്തുടര്‍ന്ന് തൊണ്ണൂറിലധികം വിമാന സര്‍വിസുകളാണ് ബുധനാഴ്ച എയര്‍ ഇന്ത്യ റദ്ദാക്കിയത്. പ്രതിദിനം 350-ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എഐഎക്‌സ് നടത്തുന്നത്. കരിപ്പൂരില്‍ ബുധനാഴ്ച രാവിലെ എട്ടിനും രാത്രി 11-നും ഇടയില്‍ സര്‍വിസ് നടത്തേണ്ട വിമാനങ്ങും റദ്ദാക്കിയിരുന്നു. റാസല്‍ഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.