തുടർച്ചയായി രണ്ടാം വർഷവും വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% മുതൽ 60% വരെയാണ് യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത്. നിരക്ക് വർധനവുണ്ടെങ്കിലും ആളുകൾ ഇപ്പോഴും വിദേശ യാത്ര ഒഴിവാക്കുന്നില്ല എന്നതാണ് ബുക്കിങ്ങിലെ ഉയർന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
ട്രാവൽ ബുക്കിംഗ് പോർട്ടൽ ixigo.com പുറത്തുവിടുന്ന കണക്കുകൾ പ്രകാരം മുൻകൂറായി ബുക്ക് ചെയ്തിട്ടും ₹42,990 ആണ് മുംബൈയിൽ നിന്ന് പാരീസിലേക്ക് മെയ് മാസത്തിൽ വൺ-വേ എക്കണോമി വിമാന നിരക്ക്. മുംബൈയിൽ നിന്ന് റോമിലേക്ക് ₹41,666. കഴിഞ്ഞ വർഷം ഇതേ യാത്രയ്ക്ക് 25,000 മുതൽ 30,000 രൂപ വരെയായിരുന്നു യാത്രാ നിരക്ക്.
40% മുതൽ 60% വരെ വർധനവുണ്ടായെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ബുക്കിങ്ങിൽ 20% വർധനവുണ്ടായിട്ടും മുംബൈ-ലണ്ടൻ ടിക്കറ്റുകൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ 37% ടിക്കറ്റ് നിരക്ക് വർധിച്ചു. ഇരട്ടിയിലേറെ ബുക്കിങ്ങിൽ വർധനവുണ്ടായിട്ടും മുംബൈ-ദോഹ ടിക്കറ്റ് നിരക്ക് 49% വർധിച്ചു. ബുക്കിംഗിൽ 50% വർധനയുണ്ടായിട്ടും 16,819 രൂപയുടെ ബെംഗളൂരു ഇക്കോണമി ടിക്കറ്റിന്റെ നിരക്ക് 73% ആണ് കൂടിയത്.
വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം യാത്രക്കാരുടെ എണ്ണത്തിലെ വന്‍ വര്‍ധനവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് നിരക്ക് കുതിച്ചുയരാന്‍ കാരണം. ഇതിനുപുറമേ സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവം കാരണം ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോഫസ്റ്റ് തുടങ്ങി നിരവധി വിമാനക്കമ്പനികള്‍ 100-ഓളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത് നിരക്ക് വര്‍ധനയക്ക് ആക്കം കൂട്ടി.
തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ, മാലിദ്വീപ്, യുഎഇ എന്നീ സ്ഥലങ്ങളാണ് വേനൽക്കാല യാത്രകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. മൊറോക്കോയിലേക്കും റഷ്യയിലേക്കും യാത്രകൾക്ക് ഉയർന്ന ഡിമാൻഡാണുള്ളത്. സ്വദേശ യാത്രകൾക്കായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്നത് ഗോവ, കൊച്ചി, ശ്രീനഗർ, ഡെറാഡൂൺ, ലേ എന്നിവിടങ്ങളാണ്.