മഹാരാഷ്ട്ര എൻസിപിയില്‍ പിളർപ്പ്. മുതിർന്ന നേതാവ് അജിത് പവാർ പാർട്ടി വിട്ട് എന്‍ഡിഎ സർക്കാരിന്റെ ഭാഗമാകും. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ രാജ്ഭവനിലെത്തി. 29 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാറിന്റെ വാദം. പിന്തുണയ്ക്കുന്ന എംഎല്‍എമാർക്കൊപ്പമാണ് അജിത് പവാർ ഗവർണറെ കാണാനെത്തിയത്.
അജിത് പവാർ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസുമെല്ലാം അജിത് പവാറിനൊപ്പം രാജ്ഭവനിലെത്തിയിട്ടുണ്ട്. ഇന്ന് തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കും. മുതിർന്ന എൻസിപി നേതാവ് ചഗൻ ബുജ്പാൽ, ഹസൻ മുഷ്റിഫ്, ദിലീപ് വാൽസെ പാട്ടീൽ, ധനജ്ഞയ് മുണ്ടെ, അതിഥി താത്കറെ, അനിൽ ഭായ്ദാസ് പാട്ടീൽ, ബാബുറാവോ അത്രാം, സഞ്ജയ് ബൻസോദെ എന്നിവരും അജിത് പവാറിനൊപ്പം എൻസിപിയില്‍ നിന്ന് മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക് എത്തിയേക്കും.
നേരത്തെ എൻസിപി നേതൃസ്ഥാനത്തെ ചൊല്ലി അജിത് പവാറിന് അതൃപ്തിയുണ്ടായിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
അടുത്തിടെ ശരദ് പവാർ പാർട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തിനായി അജിത് പവാറും സുപ്രിയ സുലെയും തമ്മിൽ മത്സരമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തിനും ആവശ്യത്തിനും പിന്നാലെ രാജി പ്രഖ്യാപനം പിൻവലിക്കേണ്ടി വന്നു. പിന്നാലെ പാർട്ടിയുടെ 25-ാം വാർഷികത്തിൽ, രാജ്യസഭാ എംപി പ്രഫുൽ പട്ടേലിനെയും മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെയെയും പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡന്റുമാരായി ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു.