അജിത് പവാർ 
INDIA

നാല് വർഷത്തിനിടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് മൂന്നാം തവണ; ചാടിക്കളിച്ചു നേട്ടം കൊയ്യുന്ന അജിത് പവാര്‍

ശരദ് പവാർ തന്റെ അരനൂറ്റാണ്ട് നീണ്ട പ്രവർത്തനത്തിലൂടെ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ പാരമ്പര്യത്തിന്റെ മറയിൽ നിന്ന് പുറത്തുവരാൻ പലപ്പോഴായി അജിത് ശ്രമിച്ചിരുന്നു

വെബ് ഡെസ്ക്

ദേശീയ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാകുന്ന ഓരോ ചലനങ്ങളും ചർച്ചയാകുന്നത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയില്‍ ഇന്ന് ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത പിളര്‍പ്പ് അതുകൊണ്ടു തന്നെയാണ് ദേശീയ ശ്രദ്ധ ഏറെയാകര്‍ഷിക്കുന്നതും.

2004ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അജിത് പവാർ പാർട്ടി നേതൃത്വത്തിനെതിരെ ആദ്യമായി പരസ്യ നിലപാട് പ്രഖ്യാപിക്കുന്നത്

എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ മറുകണ്ടം ചാടിയതാണ് ഇന്നു ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുന്നത്. എന്നാല്‍ ചാടിക്കളിച്ചു നേട്ടം കൊയ്യുന്ന രീതി ഇന്നും ഇന്നലെയുമല്ല അജിത് തുടങ്ങിയത്. ശരദ് പവാർ തന്റെ അരനൂറ്റാണ്ട് നീണ്ട പ്രവർത്തനത്തിലൂടെ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ പാരമ്പര്യത്തിന്റെ മറയിൽ നിന്ന് പുറത്തുവരാൻ പലപ്പോഴായി അജിത് ശ്രമിച്ചിരുന്നു. സഹകരണ മേഖലയിലെ പ്രവർത്തനത്തിലൂടെയാണ് അജിത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ശരദ് പവാറിനൊപ്പം പ്രവർത്തിച്ച അജിത്, 1999ലെ എൻസിപി രൂപീകരണത്തിലും അമ്മാവനൊപ്പം തന്റെ നിലയുറപ്പിച്ചു.

2004ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അജിത് പവാർ പാർട്ടി നേതൃത്വത്തിനെതിരെ ആദ്യമായി പരസ്യ നിലപാട് പ്രഖ്യാപിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻസിപി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു അജിത്തിന്റെ അഭിപ്രായ പ്രകടനം. പാർട്ടിയുടെ അനന്തരാവകാശിയായി സ്വയം കരുതിയിരുന്ന അജിത്തിന്റെ പദ്ധതികൾക്കേറ്റ പ്രധാന തിരിച്ചടി 2009ലെ സുപ്രിയ സുലെയുടെ രാഷ്ട്രീയ പ്രവേശനമാണ്. ഇത് പവാർ കുടുംബത്തിൽ അധികാരത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നതായി അന്ന് തന്നെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.

2012-ൽ, ജലവിഭവ മന്ത്രിയായിരിക്കെ ജലസേചന പദ്ധതികളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അദ്ദേഹം ഒരു മുന്നറിയിപ്പുമില്ലാതെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കിയ നീക്കം ഒടുവിൽ ശരദ് പവാർ നേരിട്ട് കളത്തിലിറങ്ങിയാണ് പരിഹരിച്ചത്.

അവകാശപ്പെടുന്നത് പോലെ നാല്പത് എംഎൽഎമാരുടെ പിന്തുണ അജിത്തിന് ഉണ്ടാകുമോ എന്നും എൻസിപിക്ക് ശിവസേനയുടെ ഗതിയാകുമോയെന്നും വരും മണിക്കൂറുകളിലാകും തീരുമാനമാകുക

അജിത് പവാർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നടത്തിയ നീക്കം 2019ലായിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന്, അജിത് പവാർ അമ്മാവന്റെ നിഴലിൽ നിന്ന് വിട്ടുമാറി ബിജെപിയുമായി ഹ്രസ്വകാല സർക്കാർ രൂപീകരിച്ചു. വളരെ നാടകീയമായ സംഭവങ്ങൾക്കായിരുന്നു അന്ന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പദവി ആർക്കെന്ന തർക്കത്തിൽ ഭിന്നത വന്നതോടെ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശിവസേന, എൻസിപിയും കോൺഗ്രസുമായും കൂടിയാലോചനകൾ നടത്തി വരികയായിരുന്നു. ഇതിനിടെയാണ്, ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. യാതൊരു അറിയിപ്പുകളും കൂടാതെ നവംബർ 23ന് പുലർച്ചെയായിരുന്നു ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ മൂന്ന് ദിവസം മാത്രമേ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളു. ശരദ് പവാറെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ സമയോചിതമായ ഇടപെടലിൽ അജിത് തിരികെ എൻസിപിയിലെത്തി.

തുടർന്നും പലപ്പോഴായി അജിത് പവാർ എൻഡിഎയിലേക്ക് കൂറുമാറുന്നതായി സൂചനകളുണ്ടായി. ചില സമയങ്ങളിൽ അതിനെ അജിത് തന്നെ തള്ളിക്കളഞ്ഞെങ്കിലും രാഷ്ട്രീയ നിരീക്ഷകർ എഴുതിത്തള്ളിയിരുന്നില്ല. ഏറ്റവുമൊടുവിൽ അജിത്തിന്റെ കൂറുമാറ്റം വലിയ ചർച്ചയായപ്പോഴാണ് മെയ് രണ്ടിന് പ്രതീക്ഷിതമായി ശരദ് പവാർ പാർട്ടി നേതൃത്വത്തിൽ നിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ചത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ശരദ് പവാർ രാജിപിൻവലിച്ചുവെങ്കിലും അജിത്തിനെ പാർട്ടിയിൽ പിടിച്ചുനിർത്താനുള്ള നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാൽ അജിത്തിനെ വെട്ടി മകളായ സുപ്രിയ സുലെയെ പാർട്ടി അധികാര സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ കൂറുമാറ്റത്തിനുള്ള വേഗത കൂട്ടി. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി വഹിക്കണമെന്ന അജിത്തിന്റെ മോഹങ്ങൾക്കേറ്റ അടി കൂടിയായായിരുന്നു ശരദ് പവാറിന്റെ തീരുമാനം.

പിന്നാലെയാണ് ഇന്ന്‌ അജിത് പവാർ എൻസിപി എംഎൽഎമാരുടെ യോഗം വിളിക്കുന്നതും എന്‍ഡിഎയിലേക്ക് ചേക്കേറുന്നതും. അജിത് പവാർ ഉൾപ്പെടെ ഒൻപത് എംഎൽഎമാരാണ് ഇന്ന്‌ രാജ് ഭവനിലെത്തി എൻഡിഎ സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കൂടാതെ നാല്പതിലധികം എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

നാല് വർഷത്തിനിടെ മൂന്നാം തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അദ്ദേഹം അവകാശപ്പെടുന്നത് പോലെ നാല്പത് എംഎൽഎമാരുടെ പിന്തുണ അജിത്തിന് ഉണ്ടാകുമോ എന്നും എൻസിപിക്ക് ശിവസേനയുടെ ഗതിയാകുമോയെന്നും വരും മണിക്കൂറുകളിലാകും തീരുമാനമാകുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ