ലോക്‌സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയം സമാജ്‌വാദി പാര്‍ട്ടിയേയും അധ്യക്ഷന്‍ അഖിലേഷ് യാദവിനേയും ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണ്. യുപിയില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടുള്ള അഖിലേഷിന്റെ പാര്‍ലമെന്റിലേക്കുള്ള തിരിച്ചുവരവ് പ്രതിപക്ഷത്തിന് വന്‍ ആവേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, മികച്ച വിജയത്തിനിടയിലും യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയെ ആകുലപ്പെടുത്തുന്നൊരു പുതിയ സ്ഥിതി വിശേഷം രൂപപ്പെട്ടിരിക്കുകയാണ്. ആരാകും എസ്പിയുടെ പുതിയ നിയമസഭ പ്രതിപക്ഷ നേതാവ് എന്നതാണ് പാര്‍ട്ടിയില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ചര്‍ച്ച. 2027 നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി ഒരുക്കങ്ങള്‍ ആരംഭിച്ച സമയത്ത്, കരുതലോടെ വേണം പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ മികച്ച വിജയത്തില്‍ മതിമറക്കാതെ, ബിജെപിയെ പ്രതിരോധത്തിലാക്കുന്ന തന്ത്രങ്ങളുമായി മുന്നോട്ടുപോകണമെന്നും മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിക്കുന്നു.
2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് അസംഘഡില്‍ നിന്ന് വിജയിച്ചിരുന്നു. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ഹാലില്‍ നിന്ന് വിജയിച്ച അഖിലേഷ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയും ലോക്‌സഭാംഗത്വം രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ, അസംഘഡില്‍ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. 2022- നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് 111 സീറ്റും ബിജെപിക്ക് 255 സീറ്റുമായിരുന്നു.
അഖിലേഷ് യാദവിനോളം ശക്തമായി വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നേതാക്കള്‍ നിയമസഭയില്‍ എസ്പി ബെഞ്ചില്‍ കുറവാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആരാകും പുതിയ പ്രതിപക്ഷ നേതാവ്?
മുലായം സിങ് യാദവിന്റെ സമയത്തെ പോലെതന്നെ, പാര്‍ട്ടി അധ്യക്ഷന് മുകളില്‍ ശബദ്മുയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ അഖിലേഷിന്റെ കാലത്തും വിരളമാണ്. അഖിലേഷിന്റെ നേതൃത്വത്തിലേക്കുള്ള വരവിനെ എതിര്‍ത്ത നേതാക്കളെയെല്ലാം പാര്‍ട്ടി വെട്ടിയൊതുക്കി. ഇതിനുശേഷം, ഒരു രണ്ടാംനിര നേതൃത്വത്തിന്റെ അഭാവം എസ്പിയില്‍ നിഴലിക്കുന്നുണ്ട്. അഖിലേഷ് യാദവിനോളം ശക്തമായി വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നേതാക്കള്‍ നിയമസഭയില്‍ എസ്പി ബെഞ്ചില്‍ കുറവാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിജെപിയുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടെ ഉടനടി പ്രതികരിച്ച് നിലപാട് വ്യക്തമാക്കുന്ന കൂട്ടത്തിലാണ് അഖിലേഷ് യാദവ്. അഖിലേഷ് നിലനിര്‍ത്തി പോന്നിരുന്ന ഊര്‍ജസ്വലത തുടരാന്‍ മറ്റു നേതാക്കള്‍ക്ക് കഴിയുമോ എന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അസം ഖാന്‍ ആയിരുന്നു അഖിലേഷ് കഴിഞ്ഞാല്‍ എസ്പിയുടെ മറ്റൊരു പ്രധാന മുഖം. എന്നാല്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ട് അസം ഖാന് നിയമസഭാംഗത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റൊരു പ്രമുഖ നേതാവ് മുന്‍ പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയാണ്. 2017-2022 നിയമസഭയില്‍ ചൗധരി മികച്ച പ്രതിപക്ഷ നേതാവായിരുന്നെങ്കിലും 2002 നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത കുറച്ചിരുന്നു. സുപ്രധാന വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്ന ചൗധരി, ഇത്തവണ നിയമസഭയില്‍ ഇല്ലാത്തത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ലാല്‍ജി വെര്‍മയാണ് നിലവിലെ നിയമസഭയില്‍ എസ്പിയുടെ ഏറ്റവും പരിചയസമ്പന്നനായ എംഎല്‍എ. ആറുതവണ നിയമസഭയിലെത്തിയ ലാല്‍ജി, 2022-ലാണ് ബിഎസ്പിയില്‍നിന്ന് എസ്പിയിലെത്തിത്. എന്നാല്‍, അംബേദ്കര്‍ നഗര്‍ ലോക്‌സഭയില്‍ നിന്ന് വിജയിച്ച ലാല്‍ജി, എംഎല്‍എ സ്ഥാനം ഉടന്‍ രാജിവെയ്ക്കും. ശിവപാല്‍ യാദവ്, മാതാ പ്രസാദ് പാണ്ഡേ, ഇന്ദ്രജിത് സരോജ്, റാം അച്ചല്‍ രാജ്ഭര്‍, റാം മൂര്‍തി വെര്‍മ, രവിദാസ് മെഹ്രോത എന്നിവരാണ് എസ്പിയിലെ മറ്റു പ്രധാന മുതിര്‍ന്ന നേതാക്കള്‍. ഇവരില്‍ മുലായം കുടുംബത്തോട് ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്നൊരാളെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരിഞ്ഞെടുക്കും എന്നാണ് സൂചന.
അഖിലേഷിന്റെ അമ്മാവന്‍ കൂടിയായ ശിവ്പാല്‍ യാദവിനാണ് സാധ്യത കൂടുതല്‍. 2009-2012 കാലയളവില്‍ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്നിട്ടുമുണ്ട്. റാം അച്ചല്‍ രാജ്ഭറും ഇന്ദ്രജിത് സരോജും നിലവില്‍ നിയമസഭാംഗങ്ങളല്ല. 81-കാരനായ മാതപ്രസാദ് പാണ്ഡ 2012-2017 എസ്പി സര്‍ക്കാരില്‍ സ്പീക്കര്‍ ആയിരുന്നു. ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം സഭയില്‍ സ്ഥിരമായി എത്താറില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലഖ്‌നൗവില്‍ നിന്ന് രാജ്‌നാഥ് സിങ്ങുമായി കനത്ത പോരാട്ടം നടത്തിയ നിലവിലെ ലഖ്‌നൗ എംഎല്‍എ രവിദാസ് മെഹ്രോതയുടെ പേരും സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
അഖിലേഷും യോഗി ആദിത്യനാഥും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളും നടന്നിട്ടുണ്ട്. ജാതി പീഡനങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, പോലീസ് അതിക്രമങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു അഖിലേഷ് നിയമസഭയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി നിരന്തം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു അഖിലേഷിന്റെ രീതി. അഖിലേഷും യോഗി ആദിത്യനാഥും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളും നടന്നിട്ടുണ്ട്. ജാതി പീഡനങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, പോലീസ് അതിക്രമങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു അഖിലേഷ് നിയമസഭയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയമായതിനാല്‍, ജാതി സമവാക്യങ്ങള്‍ കൂടി പരിഗണിച്ചു മാത്രമേ എസ്പിക്ക് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ സാധിക്കുള്ളു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിക്ക് എതിരായ ജനവികാരം അതുപോലെ നിലനിര്‍ത്തുന്ന തന്ത്രങ്ങള്‍ എസ്പിക്ക് നിയമസഭയില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ചാകും അഖിലേഷിന്റെ തീരുമാനം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.