ഭീകരസംഘടനയായ അൽ-ഖ്വയ്ദ ജമ്മു കശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതായി യുഎൻ റിപ്പോർട്ട്. ജമ്മു കാശ്മീരിലേക്കും ബംഗ്ലാദേശിലേക്കും മ്യാൻമറിലേക്കും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനായി അൽ-ഖ്വയ്ദ എക്യുഐഎസ് (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ) എന്ന പ്രത്യേക യൂണിറ്റ് രൂപീകരിച്ചുവെന്ന് ഈ ആഴ്ച പുറത്തിറക്കിയ യുഎൻ സുരക്ഷാ കൗൺസിലിന്റെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തല്‍.
എക്യുഐഎസിന്റെ ചില ഘടകങ്ങൾ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ്-ഖൊറാസനുമായി (ഐഎസ്ഐഎൽ-കെ) സഹകരിക്കാൻ തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അൽ സവാഹിരിയുടെ പിൻഗാമിയായി അൽ ഖ്വയ്‌ദ തലവനായി സെയ്ഫ് അൽ അദ്‌ലിനെ ചില അംഗരാജ്യങ്ങൾ വിലയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ സംഘടനയിൽ ഏറ്റവും കുറഞ്ഞത് 30 മുതൽ 60 വരെ സ്ഥിര അംഗങ്ങളാണുള്ളത്. പോരാളികളായി 400 പേരും കുടുംബാംഗങ്ങളും പിന്തുണക്കാരും ഉൾപ്പെടെ 2,000 പേരും സംഘയനയിലുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവാചകനായി ഒസാമ മെഹമൂദും ഒപ്പം 200 പോരാളികളാണുമാണ് അൽ-ഖ്വയ്ദയ്ക്കുള്ളത്.
അഫ്ഗാനിസ്ഥാനിലെയും പ്രദേശത്തെയും ഏറ്റവും ഗുരുതരമായ ഭീകരാക്രമണ സംഘടനയായാണ് ഐഎസ്ഐഎൽ-കെയെ വിലയിരുത്തിയത്. ഐഎസ്ഐഎൽ-കെയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ 4,000 മുതൽ 6,000 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐഎസ്‌ഐഎൽ-കെയുടെ ഉന്നത നേതാവാണ് സനാവുല്ല ഗഫാരി. ജൂൺ മാസത്തിൽ അഫ്ഗാനിസ്ഥാനിൽ വച്ച് ഗഫാരി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നെന്നും എന്നാൽ ഇത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
കുനാർ, നൂറിസ്ഥാൻ പ്രവിശ്യകളിൽ പുതിയ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ഒരു പുനഃസംഘടന ഘട്ടത്തിലാണ് അൽ-ഖ്വയ്ദയെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിൽ സുരക്ഷിതമായ പ്രവർത്തന അടിത്തറ തുടരുകയാണെങ്കിൽ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) പ്രാദേശിക ഭീഷണിയായി മാറുമെന്ന് അംഗരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.