INDIA

'വ്യക്തിനിയമം മതി, മതേതര നിയമമനുസരിച്ച് ജീവനാംശം വേണ്ട'; സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്‌

വെബ് ഡെസ്ക്

വിവാഹമോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് സിആര്‍പിസി പ്രകാരം ജീവനാശം ആവശ്യപ്പെടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതിന് പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനിയയെ ബോര്‍ഡ് ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തു.

വിവാഹമോചിരായ സ്ത്രീകൾക്ക് മുസ്ലിം വ്യക്തി നിയമം അനുശാസിക്കുന്നതിൽ കൂടുതൽ കാലം ജീവനാംശം നൽകുന്നതിനെ എതിർക്കുന്ന മുസ്ലിം വ്യക്തിനിയമ ബോർഡ്, അരികുവൽക്കരിക്കപ്പെട്ട മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിക്കുന്നു.

മുത്തലാക്കിലൂടെ നിയമവിരുദ്ധമായി വിവാഹമോചിതയാക്കപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് സിആർപിസി 125-ാം വകുപ്പനുസരിച്ച് ഭർത്താവിൽനിന്നു ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന കോടതി വിധിയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. മതങ്ങൾക്കതീതമായ എല്ലാ നിയമങ്ങളും മുസ്ലിം സ്ത്രീകൾക്കും ബാധകമാണെന്നായിരുന്നു കോടതി പറഞ്ഞത്. നേരത്തെയും സമാനമായ വിധികൾ ഉണ്ടായിരുന്നു. ഷാബാനു കേസിൽ സമാനമായ വിധി മറികടക്കാൻ വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള മുസ്ലിം യാഥാസ്ഥിക ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ് 1986 ൽ രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നത്. ഇത് നിലനിൽക്കുമ്പോഴും പൊതുനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് മുസ്ലിം സ്ത്രീകൾക്കു കോടതിയെ സമീപിക്കാമെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന വിധി.

വിഷയം ചർച്ച ചെയ്യാൻ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ പ്രവർത്തക സമിതി ഞായറാഴ്ച ഡൽഹിയിൽ ചേർന്നു. അല്ലാഹു ഏറ്റവും ദേഷ്യത്തോടെ കാണുന്നത് വിവാഹ മോചനത്തെയാണെന്നും ഏതുവിധേനയും വിവാഹബന്ധം തുടരുന്നതും നിലനിർത്തുന്നതുമാണ് അല്ലാഹു ആഗ്രഹിക്കുന്നതെന്നും പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യോഗം വിലയിരുത്തി.

വൈവാഹിക ജീവിതം ദുഷ്കരമാകുന്ന സാഹചര്യത്തിൽ ഒരു പരിഹാരമായാണ് വിവാഹമോചനത്തെ കാണേണ്ടതെന്നും വേദനാജനകമായ വിവാഹബന്ധങ്ങളിൽനിന്ന് പുറത്തേക്കുവന്ന സ്ത്രീകളെ ഈ കോടതി വിധി കൂടുതൽ ബുദ്ധിമുട്ടിക്കുകയേയുള്ളൂവെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് അഭിപ്രായപ്പെട്ടു. വിവാഹം തന്നെ നിലനിൽക്കാത്ത സാഹചര്യത്തിൽ മുൻ ഭാര്യമാരുടെ ചുമതല പുരുഷൻ ഏറ്റെടുക്കണമെന്ന നിലപാടിനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ബോർഡ് പ്രവർത്തക സമിതി വിലയിരുത്തി.

മുസ്ലിം വ്യക്തിനിയമ ബോർഡ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോടും പ്രതിപക്ഷത്തോടും സംസാരിക്കുമെന്നും അറിയിച്ചു. ജീവനാംശവുമായി ബന്ധപ്പെട്ട കാര്യം കൂടാതെ മറ്റു വിഷയങ്ങളും പ്രവർത്തകസമിതി ചർച്ച ചെയ്തു. അതിലൊന്ന് ഏകീകൃത സിവിൽ കോഡാണ്. സിവിൽ കോഡുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഹർജി ഈ മാസം ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ബോർഡ് അറിയിച്ചു.

വെറുപ്പിന്റെ രാഷ്ട്രീയത്തോട് ജനങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്നും കേന്ദ്ര സർക്കാർ അരികുവൽക്കരിക്കപ്പെട്ട മുസ്ലിങ്ങളുടെ പ്രശനങ്ങൾ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രവർത്തക സമിതി വിലയിരുത്തി. ഈ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യം അരാജകത്വത്തിലേക്കു നീങ്ങുമെന്നും പ്രതിപക്ഷ പാർട്ടികളൊന്നും വിഷയം ഉയർത്തുകയോ ഇരകളായ മനുഷ്യരെ സന്ദർശിക്കാൻ കൂട്ടാക്കുകയോ ചെയ്തിട്ടില്ലെന്നും പ്രവർത്തക സമിതി വിലയിരുത്തി.

1991ലെ ആരാധനാലയ സംരക്ഷണ നിയമം (പ്ലേസ് ഓഫ് വർഷിപ് ആക്ട്) നേരിടുന്ന വെല്ലുവിളിയെക്കുറിച്ചായിരുന്നു മറ്റൊരു പ്രമേയം. ഗ്യാൻവാപി, മഥുരയിലെ ഷാഹി ഈദ് ഗാഹ് എന്നീ ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ കീഴ്‌ക്കോടതികൾ ഇടപെടുന്ന രീതിയിൽ ബോർഡ് ആശങ്ക പ്രകടിപ്പിച്ചു.

"ബാബരി മസ്ജിദ് വിധി പ്രസ്താവിച്ച സമയത്ത് ആരാധനാലയ സംരക്ഷണ നിയമത്തിന്റെ വാതിലുകളെല്ലാം ഇതോടുകൂടി അടഞ്ഞുവെന്നായിരുന്നു പറഞ്ഞത്. പക്ഷേ ദൗർഭാഗ്യവശാൽ കാശിയിലും മഥുരയിലും മുസ്ലിങ്ങൾക്കു തങ്ങളുടെ ഭാഗം പറയാൻ സാധിക്കാത്ത അവസ്ഥയാണ്." ബോർഡ് വിലയിരുത്തുന്നു.

പലസ്തീൻ വിഷയത്തിലും ബോർഡ് ഒരു പ്രമേയം പാസാക്കി. ഇന്ത്യ എപ്പോഴും പലസ്തീനൊപ്പം നിൽക്കുകയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നിലവിൽ ഇസ്രയേലിന് ഇന്ത്യ നൽകുന്ന എല്ലാ സൈനിക സഹായങ്ങളും പിൻവലിക്കണമെന്നും ഇസ്രയേലുമായി ചേർന്നുള്ള സംയുക്ത സൈനിക നീക്കങ്ങളിൽനിന്ന് പിന്മാറണമെന്നും ബോർഡ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്