INDIA

പതിനേഴാം രാവില്‍ ആശ്വാസ ചിരി; മരണത്തെ തോല്‍പ്പിച്ച് 41പേര്‍

41പേര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇരുട്ടറയുടെ പ്രതിബന്ധങ്ങളെ തകര്‍ത്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു

വെബ് ഡെസ്ക്

പതിനേഴു ദിവസം ജീവനും കയ്യില്‍പ്പിടിച്ച് അവര്‍ തുരങ്കത്തിനുള്ളില്‍ കഴിഞ്ഞു. യന്ത്രങ്ങള്‍ പലവട്ടം പണിമുടക്കി. കരിങ്കല്ലും കോണ്‍ക്രീറ്റ് പാളികളും വഴിമുടക്കി, അടുത്തെത്താനുള്ള രക്ഷാപ്രവര്‍ത്തകരുടെ ഓരോ ശ്രമവും പ്രതിസന്ധിയിലാകുമ്പോഴും അവര്‍ മനസാന്നിധ്യം കൈവിട്ടില്ല. ഒടുവില്‍, രാജ്യം ആ മനുഷ്യരുടെ ആശ്വാസ ചിരികള്‍ കണ്ടു. 41പേര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇരുട്ടറയുടെ പ്രതിബന്ധങ്ങളെ തകര്‍ത്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.

പൈപ്പ് മുതല്‍ ആശുപത്രി വരെ, രക്ഷാപ്രവര്‍ത്തനത്തിന്റെ വഴികള്‍

ഉത്തരാഖണ്ഡില്‍ 41 തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തില്‍പ്പെട്ട സംഭവത്തില്‍ നിര്‍മാണം ഏറ്റെടുത്ത കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുരങ്കനിര്‍മാണത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ എല്ലാം തന്നെ കമ്പനി ലംഘിച്ചിരുന്നുവെന്നാണ് അന്വേഷണങ്ങളില്‍ വ്യക്തമായത്.

എസ്ഒപി പ്രകാരം മൂന്ന് കിലോമീറ്ററിലധികം ദൂരമുള്ള ഏതൊരു തുരങ്കത്തിലും അപകടം സംഭവിച്ചാല്‍ രക്ഷപെടാന്‍ അതിന് സമാന്തരമായി മറ്റൊരു ടണല്‍ റൂട്ട് നിര്‍മിച്ചിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇവിടെ ഇതു പാലിച്ചിട്ടില്ല. അപകടം നടന്ന സില്‍ക്യാര ടണലിന് 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഉള്ളത്. പ്ലാനുകള്‍ പ്രകാരം തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള റൂട്ട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കിയിരുന്നില്ല.

നംവബര്‍ 12 ഞായറാഴ്ചയാണ് തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. കഠിനമേറിയ പാറകളും ചെങ്കുത്തായ ചെരിവുകളുമുള്ള പ്രദേശത്ത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു രക്ഷാ ദൗത്യം.

തൊഴിലാളികള്‍ കുടുങ്ങിക്കിടന്ന ഭാഗം കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. വലിയ പൈപ്പുകള്‍ സ്ഥാപിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ മണിക്കൂറില്‍ മൂന്ന് മീറ്ററോളം ദൂരമായിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് നീങ്ങാനായത്.

രക്ഷാ ദൗത്യം അവസാനഘട്ടത്തിലേക്ക് അടുത്തപ്പോള്‍ തുരക്കാന്‍ ഉപയോഗിക്കുന്ന മെഷീന്റെ ലോഹഭാഗങ്ങള്‍ കാഠിന്യമേറിയ പാറകളില്‍ത്തട്ടി തകരാറിലായത് വീണ്ടും ആശങ്കകള്‍ക്ക് ഇടയാക്കി.

മനസാന്നിധ്യം വിടാതെ അവര്‍

അപകടം നടന്ന് ഒമ്പതാം ദിവസമായിരുന്നു കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 'ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങള്‍ ദുഷ്‌കരമാകുകയാണ്,' തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ ഒരാളായ അഖിലേഷ് കുമാറിന്റെ വാക്കുകളില്‍ ആശങ്ക നിറഞ്ഞുനിന്നിരുന്നു.

മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെ പൈപ്പുകളിലൂടെ എത്തിച്ചത്. ഇതിന് പുറമെ നിരവധി ശാരീരിക-മാനസിക ബുദ്ധിമുട്ടുകളും ഇവര്‍ നേരിടുന്നു. തുരങ്കത്തിന് പുറത്തും അകത്തുമുള്ള താപനിലയുള്‍പ്പെടെ തൊഴിലാളികളെ സാരമായി ബാധിച്ചേക്കും. ആശുപത്രിയിലേക്ക് മാറ്റുന്ന ഇവര്‍ക്ക് വിദഗ്ധ ചികിത്സയും കൗണ്‍സിലിങും നല്‍കും.

രക്ഷാ പ്രവര്‍ത്തനം

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഉരുക്കു പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്തുക എന്നതായിരുന്നു രക്ഷാ ദൗത്യത്തിന്റെ രീതി. പിന്നാലെ ഡോക്ടര്‍മാരുള്‍പ്പെട്ട വിദഗ്ദ സംഘം എന്‍ഡിആര്‍എഫ് സംഘത്തിനൊപ്പം തൊഴിലാളികള്‍ക്ക്‌ അടുത്തെത്തി പ്രാഥമിക ആരോഗ്യ പരിശോധനയുള്‍പ്പെടെ നടത്തി.

ഉരുക്കു പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് അടുത്തേക്ക്

4.5 കിലോമീറ്റര്‍ ദൂരമുള്ള തുരങ്കം ഏകദേശം പൂര്‍ത്തിയാകാനിരിക്കെയാണ് അപകടം ഉണ്ടായത്. തുരങ്കത്തിന് അകത്ത് ഏകദേശം രണ്ട് കിലോമീറ്റര്‍ അകത്തായാണ് തൊഴിലാളികള്‍ കുടുങ്ങിയത്. തൊളിലാളികള്‍ കുടുങ്ങിയ മേഖലയിലേക്ക് തിരശ്ചീനമായി ഉരുക്കു പൈപ്പുകള്‍ സ്ഥാപിച്ചാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഇതിനായി നാല്‍പതിലധികം പൈപ്പുകള്‍ ആണ് ഉപയോഗിച്ചത്. ആറ് ഇഞ്ച് പൈപ്പിലൂടെയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.

തൊഴിലാളികളില്‍ ആര്‍ക്കും നിലവില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉത്തരകാശിയിലെ രക്ഷാ പ്രവര്‍ത്തന സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ രഞ്ജിത്ത് ഇസ്രയേല്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പാറകള്‍ തകര്‍ക്കാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി നൂതന സാങ്കേതിക വിദ്യകളാണ് ഇപ്പോള്‍ എന്‍ടിആര്‍എഫ് ഉപയോഗിക്കുന്നത്- അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ