INDIA

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ജനുവരി 22 ന് എല്ലാ പൊതുമേഖല ബാങ്കുകൾക്കും ഉച്ച വരെ അവധി

വെബ് ഡെസ്ക്

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് എല്ലാ പൊതുമേഖലബാങ്കുകൾക്കും ഉച്ച വരെ അവധി. എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും ജനുവരി 22 ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എല്ലാ ജീവനക്കാർക്കും ചടങ്ങിൽ പങ്കു കൊള്ളാനും ആഘോഷിക്കാനും വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാങ്ക് അവധി പ്രഖ്യാപിച്ച് ധനമന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്.

"അയോധ്യയിലെ രാം ലല്ല പ്രൺ പ്രതിഷ്ഠ 2024 ജനുവരി 22 ന് ഇന്ത്യയിലുടനീളം ആഘോഷിക്കും. ജീവനക്കാരെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കാൻ, ഇന്ത്യയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും പകുതി ദിവസം അടച്ചിടാൻ തീരുമാനിച്ചു. 2024 ജനുവരി 22-ന് ദിവസം രണ്ടര വരെ അവധിയായിരിക്കും," പേഴ്സണൽ പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം എല്ലാ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പിടിഐയോട് പറഞ്ഞു. ഇത് സംബന്ധിച്ച് രാജ്യത്തുടനീളം വലിയ ജനകീയ ആവശ്യമുയർന്നിരുന്നു. അത് കണക്കിലെടുത്താണ് ജനുവരി 22 ന് കേന്ദ്ര സർക്കാർ ഓഫീസുകൾ പകുതി ദിവസം അടച്ചിടാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അന്നേദിവസം ഡ്രൈ ഡേ ആയിരിക്കും. ഒപ്പം മദ്യശാലകളും മദ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചിടണം. ഛത്തീസ്ഗഡ്, അസം സംസ്ഥാനങ്ങളും സമാനമായി ഉദ്ഘാടന ദിവസം ഡ്രൈ ഡേ ആചരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെ ഇപ്പോൾ ജനുവരി 22ന് മാംസവും മത്സ്യവും വിൽക്കുന്നതും യുപി സർക്കാർ നിരോധിച്ചു.

ജനുവരി 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും രാമക്ഷേത്ര പ്രതിഷ്ഠ ദിനവും ആഘോഷിക്കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്നും യുപി സർക്കാർ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.20ന് വാരാണസിയിൽ നിന്നുള്ള മതപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ അവസാനിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ അവസാനിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും