മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇഡി കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി. സിദ്ദീഖ് കാപ്പന് മേല്‍ പിഎംഎല്‍എ നിയപ്രകാരം കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചത്.
വിദേശത്ത് നിന്നും പോപുലര്‍ ഫ്രണ്ട് നേതാവ് വന്‍ തുക പിരിച്ചെടുത്ത് ഗൂഢാലോചന നടപ്പാക്കാന്‍ വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു ഇഡി കേസ്
വിദേശത്ത് നിന്നുള്‍പ്പെടെ പോപുലര്‍ ഫ്രണ്ട് നേതാവ് വന്‍ തുക പിരിച്ചെടുത്ത് ഗൂഢാലോചന നടപ്പാക്കാന്‍ വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു ഇഡി കേസ്. 1,36,142,91 രൂപ കെ ഷെരീഫ് എന്ന പോപുലര്‍ ഫ്രണ്ട് നേതാവ് പിരിച്ചെടുത്തു എന്നും, ഇത് ഹാഥ്‌റസിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വിനിയോഗിക്കാന്‍ ശ്രമിച്ചു എന്നുമാണ് ആരോപണം.
എന്നാല്‍, പോപുല്‍ ഫ്രണ്ട് നേതാവ് കെ ഫെരീഫിന്റെ അക്കൗണ്ടില്‍ നിന്നും കൂട്ടു പ്രതിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ മാത്രമാണ് എത്തിയത്. സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടുമായി പോലും മറ്റ് ഇടപാടുകള്‍ നടന്നിട്ടില്ല. അതിനാല്‍ തന്നെ ഒരു കോടിയില്‍ കുറവ് രൂപയുടെ ഇടപാട് ആയതിനാല്‍ പിഎംഎല്‍എ വകുപ്പിന്റെ 45ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ക്ക് പര്യാപ്തമല്ലെന്നാണ് കോടതി നിരീക്ഷണം. 2020 നവംബര്‍ മുതല്‍ സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി മറ്റ് കേസുകളില്‍ ജാമ്യം നല്‍കിയിട്ടും കാപ്പന്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ് എന്നും ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി വ്യക്തമാക്കുന്നു.
നീണ്ട രണ്ട് വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ കാപ്പന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കി. എന്നാല്‍ ഇ ഡി കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങാനായില്ല
ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു സിദ്ദീഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് യുഎപിഎ ചുമത്തി ജയിലിലടച്ചു. പിന്നീട് നീണ്ട രണ്ട് വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ കാപ്പന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കുകയായിരുന്നു. എന്നാല്‍ ഇ ഡി കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങാനായില്ല. ബുധനാഴ്ച അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ച് ഇ ഡി കേസിലും ജാമ്യം ലഭിച്ചതോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള സാധ്യത കൂടിയാണ് തെളിയുന്നത്.
2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു യു പി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബര്‍ ഏഴിന് മലയാളി മാധ്യമ പവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വന്നു. മതസ്പര്‍ദ്ധ വളര്‍ത്തിയെന്നാരോപണമായിരുന്നു കാപ്പനെതിരെ ചുമത്തിയിരുന്നത്. പിന്നീട് ഹാഥ്റസ് കേസിന്റെ പശ്ചാത്തലത്തില്‍ കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.