INDIA

ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ നാളെ വരെ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി; പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ ഹാജരാകണം

മസ്ജിദ് പരിസരത്ത് സർവേ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ഉത്തരവ്

വെബ് ഡെസ്ക്

ഗ്യാൻവാപി മസ്ജിദ് പരിസരത്തെ ആർക്കിയോളജി ഡിപ്പാർട്മെന്റിന്റെ സർവേ നാളെ വരെ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. കേസ് നാളെ ഉച്ചകഴിഞ്ഞ് 3.30 ന് പരിഗണിക്കും. നാളെ കോടതിയിൽ ഹാജരാകാൻ എഎസ്ഐ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു. മസ്ജിദ് പരിസരത്ത് സർവേ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകറിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സർവേ നടപടികളിലൂടെ മസ്ജിദിന്റെ ചരിത്രപരമായ ഘടന നശിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായി മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്താനിരിക്കുന്ന പ്രവർത്തനങ്ങളിൽ ശക്തമായ സംശയങ്ങളുണ്ടെന്ന് കോടതി ഇന്ന് ചൂണ്ടിക്കാട്ടി. നിർദിഷ്ട സർവേയുടെ കൃത്യമായ രീതിശാസ്ത്രം ബെഞ്ചിന് വിശദീകരിക്കുന്നതിൽ എഎസ്ഐ പരാജയപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാക്കറിന്റെ ബെഞ്ച് വാക്കാലുള്ള നിരീക്ഷണം നടത്തിയത്.

വാരാണസി കോടതിയുടെ ഉത്തരവനുസരിച്ച് ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ ഗ്രൗണ്ട്-പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) രീതി ഉപയോഗിക്കുമെന്ന് വിശദീകരിച്ചെങ്കിലും കോടതിക്ക് ബോധ്യപ്പെട്ടില്ല. അതിനാൽ നിർദിഷ്ട സർവേയുടെ ഘടനയും വിശദാംശങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം സഹിതം വാരാണസിയിൽ നിന്നുള്ള ഒരു എഎസ്ഐ ഉദ്യോഗസ്ഥനോട് ഇന്ന് വൈകുന്നേരം ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഉദ്യോഗസ്ഥനെത്തി സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്താണ് പള്ളി പണിഞ്ഞിരിക്കുന്നതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വാരാണസി ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഈ അപേക്ഷ ജൂലൈ 24 നാണ് സുപ്രീംകോടതി പരിഗണിച്ചത്. പിന്നാലെ സര്‍വേ തടഞ്ഞ് ഉത്തരവിറക്കുകയായിരുന്നു.

സർവേ അടുത്ത ദിവസം വൈകിട്ട് അഞ്ച് വരെ സുപ്രീംകോടതി തടയുകയും മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനായി സമയം അനുവദിക്കുകയും ചെയ്യുകയായിരുന്നു. നേരത്തെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ആരാധനാ അവകാശം തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ കേസ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ