കാശിയിലെ ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ ഹൈന്ദവര്‍ക്ക് പൂജ അനുവദിച്ചുകൊണ്ടുള്ള ജില്ലാക്കോടതിയുടെ ഉത്തരവിനെതിരായ ഹർജി നിരസിച്ച് അലഹബാദ് ഹൈക്കോടതി. ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗ്യാൻവാപി പള്ളിയുടെ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയിരിക്കുന്ന മേഖലയിൽ ക്രമസമാധാനം പാലിക്കണമെന്ന നിർദേശം മാത്രം നൽകിയാണ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ തള്ളിയത്.
ജനുവരി 31നാണ് വാരാണസി ജില്ലാ ജഡ്ജി പള്ളിയുടെ നാല് നിലവറകളിൽ ഒന്നിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുവാദം നൽകിയത്. 1993 വരെ ഇവിടെ പൂജ നടന്നിരുന്നുവെന്ന വാദം അംഗീകരിച്ചായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ഏഴുദിവസത്തിനുള്ളിൽ പൂജയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വിധിയെങ്കിലും ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം തന്നെ നിലവറയിൽ പ്രാർഥന ആരംഭിക്കുകയായിരുന്നു. ഇതിനുപിന്നാലെ പള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന മാര്‍ഗസൂചനാ ബോർഡിൽ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ 'മസ്ജിദ്' എന്ന വാക്ക് മറച്ച് 'മന്ദിർ' എന്നാക്കിയിരുന്നു.
രാത്രിയിൽ തന്നെ പൂജ ആരംഭിച്ചതിനാല്‍ മസ്ജിദ് കമ്മിറ്റിക്ക് ഏതെങ്കിലും തരത്തിൽ നിയമപരമായ നടപടി സ്വീകരിക്കാൻ സാധിക്കാതെ വന്നുവെന്നും വെള്ളിയാഴ്ചത്തെ ഹർജിയിൽ പറഞ്ഞു. ജില്ലാ ഭരണകൂടം വലിയ തിടുക്കമാണ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
മസ്ജിദിന്റെ ബേസ്മെന്റിൽ നാല് നിലവറകളാണുള്ളത്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന പുരോഹിത കുടുംബത്തിന്റെ കൈവശമായിരുന്നു. ബാബരി മസ്ജിദ് തകർത്തതിനുപിന്നാലെ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗ്യാൻവാപിയുടെ നിലവറകൾ സീൽ ചെയ്യുകയായിരുന്നു. ഇതിനുമുൻപ് പുരോഹിത കുടുംബത്തിലെ സോംനാഥ് വ്യാസ് അവിടെ പ്രാർഥന നടത്തിയിരുന്നു. അവിടെ പ്രാർഥന നടത്തുന്നതിന് അനുവാദം തേടി സോംനാഥിന്റെ കുടുംബത്തിലെ ശൈലേന്ദ്ര പഥക്കാണ് കോടതിയെ സമീപിച്ചത്.
വാരാണസി ജില്ലാ ജഡ്ജിയുടെ ഉത്തരവിന് തൊട്ടുപിന്നാലെ, ജില്ലാ മജിസ്‌ട്രേറ്റ് എം എസ് രാജലിംഗവും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും കാശി ഇടനാഴിയിലെ ഗേറ്റ് നമ്പർ 4 വഴി പള്ളി സമുച്ചയത്തിൽ പ്രവേശിച്ചിരുന്നുകൂടാതെ ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം കോംപ്ലക്‌സിനുള്ളിൽ ചെലവഴിക്കുകയും ചെയ്തു.