INDIA

ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രി; അൻവറിൻ്റെ ആരോപണം തിരിഞ്ഞു കൊത്തുമ്പോൾ

എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും എന്ന് പറഞ്ഞൊഴിഞ്ഞ അന്‍വര്‍ തന്റെ തുറന്ന് പറച്ചില്‍ ജനങ്ങളുടെ മുന്നിലാണ് എന്ന നിലയിലേക്ക് മാറുകയും ചെയ്തു

വെബ് ഡെസ്ക്

കേരള പോലീസിലെ ചില ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തുടങ്ങിവച്ച വിവാദം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തിലും പുതിയ വാദമുഖങ്ങള്‍ക്ക് തുടക്കമിടുന്നു. മലപ്പുറം എസ്പിയില്‍ തുടങ്ങി മുന്‍ പോലീസ് സൂപ്രണ്ടിലൂടെ പുരോഗമിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്ഥരായ എഡിജിപിയിലേക്കും പിന്നീട് പൊളിറ്റിക്കല്‍ സെക്രട്ടറിയിലും എത്തിനില്‍ക്കുന്ന അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ തിരിയുന്ന നിലയിലേക്ക് പുരോഗമിക്കുകയാണ്.

കൊലപാതകം, സ്വര്‍ണക്കടത്ത്, സ്വര്‍ണംപൊട്ടിക്കല്‍, ലഹരിമരുന്ന്, കൈക്കൂലി എന്നിവ മുതല്‍ തൃശൂര്‍ പൂരം അലങ്കോലമാക്കിയത് വരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ആണ് പി വി അന്‍വര്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉന്നയിച്ചത്. മലപ്പുറത്ത് നിന്ന് ആരംഭിച്ച ആരോപണങ്ങള്‍ ഒടുവില്‍ തിരുവനന്തപുരത്തേക്ക് എത്തുമ്പോള്‍ അതിന് രാഷ്ട്രീയമാനം കൈവന്നിരിക്കുന്ന കാഴ്ചയാണ് കാണാനാവുക. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചായിരുന്നു അന്‍വര്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട അന്‍വറിന്റെ മറുപടി മിതത്വത്തോടെ ആയിരുന്നു. ഇനിയെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും എന്ന് പറഞ്ഞൊഴിഞ്ഞ അന്‍വര്‍ തൊട്ടടുത്ത ദിവസം വര്‍ധിതവീര്യത്തോടെ നടത്തിയ പ്രതികരണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ തിരിയുന്നത്.

ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നല്‍കിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള അധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ എന്ന നിലപാട് കൂടി എടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തോടുള്ള അതൃപ്തികൂടി അന്‍വര്‍ വെളിപ്പെടുത്തുകയായിരുന്നു

അന്‍വറിന്റെ ആരോപണങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ പോലും തള്ളിപ്പറയാന്‍ തയ്യാറായി എന്നതാണ് വ്യാഴാഴ്ചയിലെ പ്രതികരണത്തിന്റെ പ്രത്യേകത. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും എന്ന് പറഞ്ഞൊഴിഞ്ഞ അന്‍വര്‍ തന്റെ തുറന്ന് പറച്ചില്‍ ജനങ്ങളുടെ മുന്നിലാണ് എന്ന നിലയിലേക്ക് മാറുകയും ചെയ്തു. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നല്‍കിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള അധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ എന്ന നിലപാട് കൂടി എടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തോടുള്ള അതൃപ്തികൂടി അന്‍വര്‍ വെളിപ്പെടുത്തുകയായിരുന്നു.

സര്‍ക്കാരിനെതിരെ ചില ഉദ്യോഗസ്ഥർ പ്രവര്‍ത്തിക്കുന്നു എന്ന അതിശക്തമായ ആരോപണമായിരുന്നു അന്‍വര്‍ വ്യാഴാഴ്ച ഉന്നയിച്ചത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു അന്‍വര്‍ ആക്ഷേപം ഉന്നയിച്ചത്. എന്തുകൊണ്ട് ഈ പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ നിരന്തരം വെറുപ്പിക്കുന്നു. എന്താണ് ഇതിന് കാരണം. എന്തുകൊണ്ട് തൃശ്ശൂര്‍ പൂരം കലക്കുന്നു? ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ഒരിക്കലും വീഴ്ച സംഭവിച്ചിട്ടില്ല. അദ്ദേഹം വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ആ വിശ്വാസ്യത നിറവേറ്റിയോ എന്നതാണ് കാര്യം. ഏല്‍പ്പിച്ചവന്‍ അല്ല അതിന് ഉത്തരവാദി. എന്നായിരുന്നു അന്‍വറിന്റെ ആരോപണം.

ഇതിനിടെ, എഡിജിപിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ബിജെപിയുമായി തൃശ്ശൂരില്‍ ചര്‍ച്ച നടത്തിയോ എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയുമായി എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ തൃശൂരില്‍ വച്ച് കണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എഡിജിപിയെ കൂടിക്കാഴ്ചയ്ക്കായി പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. ഔദ്യോഗിക വാഹനം ഒഴിവാക്കി എഡിജിപി കൂടിക്കാഴ്ചയ്ക്ക് പോയി. എന്തിനാണ് മുഖ്യമന്ത്രി ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് എഡിജിപിയെ അയച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ തൃശ്ശൂരില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ നീക്കം നടന്നു. പോലീസിനെ കൊണ്ട് പൂരം അലങ്കോലമാക്കിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് എത്തിച്ചേക്കും.

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ അവസാനിക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലാണെന്നതാണ് സിപിഎമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. മുഖ്യമന്ത്രി നിയോഗിച്ചവര്‍ വിശ്വസ്തത കാട്ടുന്നില്ല എന്ന ആരോപണത്തില്‍ തുടങ്ങിയ അന്‍വന്‍ സര്‍ക്കാരിനെതിരെ ചിലർ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിലേക്കെത്തിനില്‍ക്കുമ്പോള്‍ ലക്ഷ്യം ആരൊക്കെയാണ് എന്ന ചോദ്യം ബാക്കിയാവുകയാണ്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥര്‍ എന്ന നിലയില്‍ അറിയപ്പെടുന്നവരിലേക്ക് നേരിട്ട് ആരോപണങ്ങള്‍ എത്തുന്നത് സമ്മേളന കാലത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിരാശാഭാവത്തോടെ പുറത്തിറങ്ങിയ പി വി അന്‍വര്‍ തൊട്ടടുത്ത ദിനം സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു തിരിച്ചിറങ്ങിയപ്പോള്‍ പതിവ് ഊര്‍ജസ്വലതയോടെ കാണപ്പെട്ടത് തനിക്ക് പാര്‍ട്ടി പിന്തുണയുണ്ടെന്ന ബോധ്യത്തിലാണെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

അതേസമയം, എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും എന്ന് തവനൂര്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ കെ ടി ജലീല്‍ വ്യക്തമാക്കുമ്പോള്‍ അന്‍വര്‍ പൂര്‍ണമായും നിഷേധിക്കാത്ത കൊട്ടാര വിപ്ലവത്തിന്റെ തുടര്‍ച്ചയ്ച്ചക്കുള്ള സൂചനയാണ് പുറത്തുവരുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കിയിരുന്ന വ്യക്തിയാണ് കെ ടി ജലീല്‍.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം