ഡല്‍ഹിയിലെ പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത അഴിമതി വിരുദ്ധ സേനയുടെ നടപടിക്കെതിരെ ആംആദ്മി പാര്‍ട്ടി രംഗത്ത്. എംഎല്‍എയ്ക്കെതിരായ നടപടിയിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യക്തമായ നീക്കങ്ങളാണ് നടന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. രണ്ട് വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടുന്ന കേസില്‍ യാതൊരു അടിസ്ഥാനവുമില്ല. പെട്ടെന്നുള്ള അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആപ്പ് നേതൃത്വം പ്രതികരിച്ചു.
ഇന്നലെ രാത്രിയോടെയാണ് ഓഖ്‌ല എംഎല്‍എ അമാനത്തുള്ള ഖാനെ ആനറി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പകല്‍ 12 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമാനത്തുള്ള ഖാനെ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് നടപടി. അമാനത്തുള്ള ഖാന്‍ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കെ, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് 32 പേര്‍ക്ക് അനധികൃത നിയമനം നല്‍കി എന്നതാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്.
അറസ്റ്റിന് മുന്‍പ് ഖാനുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും അഴിമതി വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 24 ലക്ഷം രൂപയും ലൈസന്‍സില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു. പുതിയ വഖഫ് ബോര്‍ഡ് ഓഫീസ് പണികഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരം കഴിഞ്ഞ ദിവസം ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.
നിയമങ്ങളുടേയും ചട്ടങ്ങളുടേയും മനപൂര്‍വ്വമുള്ള ലംഘനം, പദവി ദുരുപയോഗം ചെയ്യല്‍ സാമ്പത്തിക നഷ്ടം വരുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ആപ്പ് എംഎല്‍എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 മുതല്‍ ഡല്‍ഹി വഖഫ് ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് എംഎല്‍എ ഏകപക്ഷീയവും നിയമ വിരുദ്ധവുമായ നിയമനങ്ങള്‍ നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. വാഹനങ്ങള്‍ വാങ്ങിയതില്‍ നടത്തിയ അഴിമതിയെ പറ്റിയും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്. ചോദ്യം ചെയ്യലിനിടെ എംഎല്‍എയുടെ അനുയായികളും ബന്ധുക്കളും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് അഴിമതി വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.