INDIA

'മണിപ്പൂരില്‍ കേന്ദ്രം പ്രതികരിക്കണം', പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

വെബ് ഡെസ്ക്

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവച്ച് മണിപ്പൂ‍‍‍ർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സഭയിൽ കാര്യങ്ങൾ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. മണിപ്പൂരിനെക്കുറിച്ച് ഇരുസഭകളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. പ്രതിഷേധം കനത്തതോടെ ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

''മണിപ്പൂരിനെക്കുറിച്ച് ഇരുസഭകളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ ഒരു സെൻസിറ്റീവ് വിഷയമാണ്. ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി വിശദമായി മറുപടി നൽകും. ചർച്ചയുടെ തീയതി സ്പീക്കർ തീരുമാനിക്കട്ടെ''- പ്രൾഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ തുടർച്ചയായി മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികൾ നയിച്ച കിരിത് സോളങ്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിനും സഭ നിർത്തിവയ്ക്കുന്നതായി അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്‌സഭ സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാക്കൾ 'മണിപ്പൂർ മണിപ്പൂർ', 'മണിപ്പൂർ കത്തുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണെത്തിയത്. മണിപ്പൂർ കത്തുകയാണെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന് രാവിലെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ലെന്നും ഖാർഗെ പറഞ്ഞു.

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അം​ഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തിയാണ് സംസാരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങൾക്ക് ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രം​ഗത്തെത്തിയത്. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന് നാണക്കേടാണെന്നും പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂര്‍ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആക്ഷേപം ഉന്നിയിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും