ഓൺലൈൻ കണ്ടന്റ് ക്രിയേറ്റർമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ പ്രക്ഷേപണ ബില്ലിന്റെ കരട് പിൻവലിച്ച് പ്രക്ഷേപണ മന്ത്രാലയം. സർക്കാർ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്നുവെന്ന വിമർശനമുയർന്നതിനെത്തുടർന്നാണ്, നവംബർ 15ന് പുറത്തിറക്കിയ കരട് വിദഗ്ധപരിശോധനയ്ക്കും ചർച്ചകൾക്കുമായി പിൻവലിച്ചത്.
ഓൺലൈനിൽ വീഡിയോകൾ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാരും സ്വകാര്യ കമ്പനികളും എതിർപ്പുയർത്തിയതിനെത്തുടർന്നാണ് സർക്കാർ കരട് ബിൽ പിൻവലിക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ വിവര, പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. അതേസമയം, ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒക്ടോബർ 15 വരെ സമയം നീട്ടിനൽകിയിട്ടുണ്ടെന്നും അതിനുശേഷം കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ കട് പുറത്തിറക്കുമെന്നും പ്രക്ഷേപണം മന്ത്രാലയം എക്സ് അക്കൗണ്ടന്റിൽ അറിയിച്ചു.
1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിനു പകരമായാണ് പുതിയ പ്രക്ഷേപണ ബിൽ സർക്കാർ അവതരിപ്പിച്ചത്. ടെലിവിഷൻ മാത്രം ഉൾപ്പെട്ടിരുന്ന നേരത്തെയുണ്ടായിരുന്ന നിയമത്തിൽ ഒടിടി പ്ലാറ്റുഫോമുകളെയും ഓൺലൈൻ മീഡിയയെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ബില്ലെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ പിന്നീടാണ് സമൂഹമാധ്യമ അക്കൗണ്ടുകളും വാർത്താധിഷ്ടിതമല്ലാത്ത വീഡിയോകൾ നിർമിക്കുന്ന ചാനലുകളും ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് വ്യക്തമായതോടെയാണ് എതിർപ്പും ശക്തമായത്.
വാർത്ത ഉൾപ്പെടാത്ത വീഡിയോകൾ നിർമിക്കുന്ന ചാനലുകൾ ബില്ലിന്റെ പരിധിയിൽ വരേണ്ടതുണ്ടോയെന്ന സംശയം ഉദ്യോഗസ്ഥതലത്തിൽ ഉയർന്നിരുന്നു. അങ്ങനെ വന്നാൽ അവർ ഒ ടി ടിയുടെ ഗണത്തിൽ ഉൾപ്പെടുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഒടിടിയുമായി ബന്ധപ്പെട്ട വകുപ്പുകൾ സിനിമ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾക്കു വേണ്ടി തയ്യാറാക്കിയതുകൊണ്ടുതന്നെ മറ്റു വീഡിയോകൾ ആ ഗണത്തിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്നമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് ബില്ലിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാകുന്നതെന്നും ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നിയമമനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന വാർത്താധിഷ്ടിതമായ ഏതു സൃഷ്ടിയും ഈ നിയമത്തിന്റെ പരിധിയിൽ വരും. അത്തരം വാർത്തകളും പരിപാടികളും പ്രസിദ്ധീകരിക്കുന്ന എല്ലാ ഓൺലൈൻ ഹാൻഡിലുകളും പ്രക്ഷേപണ ബിൽ പ്രകാരം കേന്ദ്ര സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിൽ ഓൺലൈൻ പത്രങ്ങളും ന്യൂസ് പോർട്ടലുകളും വെബ്സൈറ്റുകളും അതുപോലെ ഇത്തരം വെബ്സൈറ്റുകളുടെ സമൂഹമാധ്യമ പേജുകളും ഉൾപ്പെടും. പത്രങ്ങളുടെ ഇ-പേപ്പർ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയത്.
ഇതിനൊപ്പമാണ് യൂട്യൂബിൽനിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും എക്‌സിൽനിന്നും സ്വന്തം അക്കൗണ്ടിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിലൂടെയും മറ്റും വരുമാനമുണ്ടാക്കുന്നവരെ കൂടി മേൽപ്പറഞ്ഞ നിർവചനത്തിൽ ഉൾപ്പെടുത്തിയത്. ഒടിടി പ്ലാറ്റുഫോമുകൾ ഒരു നിശ്ചിത എണ്ണത്തിനപ്പുറം പ്രേക്ഷകരും സബ്സ്ക്രൈബർമാരുമായാൽ പ്രക്ഷേപണ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് സർക്കാർ നൽകുന്ന പ്രോഗ്രാം കോഡും പരസ്യകോഡും കൈപ്പറ്റണം.
എല്ലാ ഓൺലൈൻ ക്രിയേറ്റർമാരും അവർ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകൾ പരിശോധിക്കുന്നതിനായി കണ്ടന്റ് ഇവാലുവേഷൻ കമ്മിറ്റി (സിഇസി) രൂപീകരിക്കണം. ആ കമ്മിറ്റി അംഗീകരിക്കുന്ന കണ്ടന്റുകൾ മാത്രമേ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപോകാൻ പാടുള്ളൂവെന്നാണ് ബില്ലിൽ പറയുന്നത്.
സ്ത്രീകളും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമുൾപ്പെടെയുള്ള വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെക്കുറിച്ച് ധാരണയുള്ള വ്യക്തികളാണ് ഈ കമ്മിറ്റിയിൽ ഉണ്ടാകേണ്ടത്. കമ്മറ്റിയിലുള്ളവരുടെ പേരും മറ്റു വിവരങ്ങളും സർക്കാരിനു കൈമാറണം.
ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകളുടെ ധാർമികത, 2021ലെ ഐടി നിയമപ്രകാരം പരിശോധിക്കും. നിലവിൽ ഈ നിയമം ബോംബെ, മദ്രാസ് ഹൈക്കോടതികൾ സ്റ്റേ ചെയ്തിരിക്കുകയാണ്.