INDIA

പൗരത്വഭേദഗതി നിയമവും ഏകീകൃത സിവില്‍ കോഡും നടപ്പാക്കും; ഹിന്ദി ഔദ്യോഗിക ഭാഷയാക്കുക എന്നത് ജനസംഘ് മുതലുള്ള വാദം: അമിത് ഷാ

ഗുജറാത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍, മൂന്നാമതൊരു കക്ഷി ഇതുവരെ വിജയിച്ചിട്ടില്ലെന്നും അമിത് ഷാ

വെബ് ഡെസ്ക്

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം ബിജെപിയും കോണ്‍ഗ്രസ് തമ്മിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍, മൂന്നാമതൊരു കക്ഷി തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കി, അദ്ദേഹത്തോടുള്ള ജനങ്ങളുടെ ബന്ധം ദൃഢമായികൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ നിന്നുള്ള ആളായതുകൊണ്ട് തന്നെ ഗുജറാത്തികള്‍ക്ക് അദ്ദേഹത്തോട് പ്രത്യേക താല്‍പര്യമാണ്. മോദിയുടെ ജനപ്രീതി ബിജെപിയെ അധികാരത്തിലെത്തിക്കും. പൗരത്വഭേദഗതി നിയമവും ഏകീകൃത സിവില്‍ കോഡും നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.

കോണ്‍ഗ്രസ് ആശയക്കുഴപ്പങ്ങളുടെ പാര്‍ട്ടിയാണെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന് നിലവില്‍ കൃത്യമായി ഒരു നേതൃത്വമില്ല. എന്നാല്‍ കോണ്‍ഗ്രസിനിപ്പോഴും ഗുജറാത്തില്‍ കൃത്യമായ അടിത്തറയുണ്ട്. അതുകൊണ്ട് തന്നെ അവരെ നിസാരരായി കണക്കാക്കാന്‍ സാധിക്കില്ല. മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തില്‍ സൗജന്യങ്ങളുടെ ഒരു വലിയ നിര തന്നെ ഒരുക്കുന്ന ആം ആദ്മി പാര്‍ട്ടി 3.6 ലക്ഷം കോടിയുടെ വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനത്തിന് ബജറ്റിലുള്ളത് 2.42 ലക്ഷം കോടി ആണെന്നിരിക്കെയാണ് ഇത്തരം വാഗ്ദാനങ്ങള്‍. ഇവ തമ്മിലുള്ള പൊരുത്തക്കേട് ജനങ്ങള്‍ക്ക് മനസിലാകില്ലേ? അവരെന്താ മണ്ടന്മാരാണോ? അദ്ദേഹം ചോദിച്ചു.

കോവിഡ് സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയാതെപോയ പൗരത്വഭേദഗതി നിയമം ഞങ്ങള്‍ പ്രാവര്‍ത്തികമാക്കും. പ്രകടന പത്രികയില്‍ മാത്രമല്ല ഉചിതമായ സമയത്ത് ഏകീകൃത സിവില്‍ കോഡും നടപ്പിലാക്കും -അമിത് ഷാ വ്യക്തമാക്കി.

ഹിന്ദി ഔദ്യോഗിക ഭാഷയാക്കുക എന്നത് ജനസംഘ് മുതല്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന വാദമാണ്. രാജ്യത്ത് ഇംഗ്ലീഷ് ഭാഷയെ അനുയോജ്യമായ വിദ്യാഭ്യാസ മാധ്യമമായി കണക്കാക്കുന്നതിനാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭ്യമാക്കുന്നതില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ തടയുകയാണ്. ഇംഗ്ലീഷില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഒരു കുട്ടിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കില്ല എന്ന വാദം തെറ്റിദ്ധാരണയില്‍ വേരൂന്നിയതാണ്, ഒരു ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനെതിരെ തനിക്ക് ഒന്നുമില്ല. എന്നാല്‍ നമ്മുടെ ഭാഷകളില്‍ അഭിമാനിക്കണം. ഏറ്റവും പഴക്കമേറിയ ഭാഷയും ഏറ്റവും പഴക്കമുള്ള വ്യാകരണവും ഏറ്റവും പഴയ സാഹിത്യവും നമുക്കുണ്ട്. നമുക്ക് ഇന്ത്യന്‍ ഭാഷകളുടെ ഒരു മികച്ച ശേഖരം ഉണ്ട്, അത് പാഴാക്കരുത്. അത് രാജ്യത്തിന്റെ പുരോഗതിയും വളര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നെന്നും അമിത് ഷാ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നു എന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമ നിര്‍മാണ വിഭാഗത്തിനും കാര്യ നിര്‍വഹകണ വിഭാഗത്തിനും ഭരണഘടന വിഭാവനം ചെയ്യുന്ന കടമകളും ഉത്തരവാദിത്വങ്ങളുമുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി. ജുഡീഷ്യറി അതിന്റെ പരിധിക്ക് നില്‍ക്കണമെന്നും അമിത് ഷാ മറുപടി നല്‍കി.

കശ്മീരില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ പടര്‍ന്ന് കൂടുതല്‍ ആഴത്തില്‍ പോയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വൈകാതെ നടക്കും. അതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിർത്തി നിർണയം പൂര്‍ത്തിയാക്കി, പരാതികള്‍ പരിഹരിച്ചു. നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു. വൈകാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ