ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത്പാൽ സിങ്ങിനെതിരെയുള്ള പഞ്ചാബ് സർക്കാർ നടപടികൾക്കെതിരെ വിദേശ രാജ്യങ്ങളിലും പ്രതിഷേധം വ്യാപകമാവുകയാണ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇത് കൂടാതെ കാനഡയിലും ഖലിസ്ഥാൻ അനുകൂലികൾ വ്യാപക പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലെ അമൃത്പാൽ സിങ്ങിനായുള്ള പ്രതിഷേധങ്ങൾക്ക് പുറമെയാണ് വിദേശ രാജ്യങ്ങളിലും വ്യാപക പ്രക്ഷോഭം അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായത്. സംഘം ഓഫീസിന് നേരെ അക്രമം നടത്തുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. സംഘമായി സാൻഫ്രാൻസികോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ ഖലിസ്ഥാൻ പതാകയേന്തിയ അക്രമികൾ വാതിലുകൾ തകർത്ത് അകത്ത് കയറുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.
ഖലിസ്ഥാൻ അജണ്ടകൾക്ക് വിദേശ രാജ്യങ്ങളിൽ ആഴത്തിലുള്ള വേരുകൾ ഉണ്ടെന്ന തരത്തിൽ നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് 10 വർഷം അമൃത്പാൽ ചെലവഴിച്ചത് ദുബായിലാണ്
അമൃത്പാൽ സിങ്ങിനും സംഘടനയ്ക്കും വിദേശ സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണിവ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള ഖലിസ്ഥാൻ അനുകൂലികളുടെ ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യ തടഞ്ഞുവച്ചിട്ടുണ്ട്. മാർച്ച് 20ന് കനേഡിയൻ നിയമസഭാംഗമായ ജഗ്മീത് സിങ്ങിന്റെ ട്വിറ്റർ അക്കൗണ്ട് ഉള്‍പ്പെടെ ഇത്തരത്തില്‍ ഇന്ത്യയില്‍ ലഭ്യമല്ലാതായി. അമൃത്പാൽ സിങ്ങിന്റെ കൂടുതൽ വിദേശ ബന്ധങ്ങളാണ് ഇതുവഴി പുറത്തുവരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഞ്ചാബിൽ നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ജഗ്മീത് ട്വീറ്റുകള്‍ പങ്കുവച്ചിരുന്നു. ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ ചെറുക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ ശ്രമങ്ങളെ, പഞ്ചാബ് കലാപസമയത്ത് സർക്കാരുകൾ സ്വീകരിച്ച നടപടികളുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. നേരത്തെയും ഇന്ത്യക്കെതിരായ ജഗ്മീത് സിങ്ങിന്റെ പരാമർശങ്ങളും ട്വീറ്റുകളും നീക്കം ചെയ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ അജണ്ടകൾക്ക് വിദേശ രാജ്യങ്ങളിൽ ആഴത്തിലുള്ള വേരുകൾ ഉണ്ടെന്ന തരത്തിൽ നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് 10 വർഷം അമൃത്പാൽ ചെലവഴിച്ചത് ദുബായിലാണ്. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും വിദേശത്ത് ഗൂഢാലോചന ചെയ്യപ്പെട്ടുവെന്നാണ് വിവരം.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സിഖുകാർ സാമ്പത്തികമായി അടിത്തറ ഉണ്ടാക്കിയെടുക്കുമെങ്കിലും വിദേശ സംസ്കാരങ്ങളോട് ചേരാതെ സ്വന്തം സ്വത്വത്തിൽ ഉറച്ച് നിൽക്കുന്നവരാണ്. സംസ്കാരം നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നത് സിഖുകാരുടെ വികാരമാണ്. ഇതാണ് പലപ്പോഴും അമൃത്പാൽ സിങ്ങിനെപ്പോലുള്ളവരെ വളരാൻ സഹായിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.