പഞ്ചാബ് പോലീസിനെ വെട്ടിച്ച് ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ് ഹരിയാനയിലേക്ക് കടന്നതായി പോലീസ്. ഹരിയാനയില്‍ കൂട്ടാളിക്കൊപ്പം ഒരാളുടെ വീട്ടില്‍ ഞാറാഴ്ച താമസിക്കുകയും പിറ്റേ ദിവസം അവിടെ നിന്ന് പോവുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അമൃത്പാലിന് ഒളിത്താവളം ഒരുക്കിയ സ്ത്രീയെയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം അമൃത്പാലിനായുള്ള അന്വേഷണം എട്ട് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ ബൽജീത് സിങ് എന്ന സ്ത്രീയുടെ വീട്ടിലാണ് അമൃത്പാല്‍ സിങ് താമസിച്ചത്. അമൃത്പാല്‍ സിങ് മറ്റൊരു സഹായി പാപല്‍പ്രീത് സിങ്ങിനൊപ്പം സ്‌കൂട്ടറില്‍ എത്തിയതായി ബല്‍ജീത കൗര്‍ പോലീസിനോട് പറഞ്ഞു. യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്ന അമൃത്പാല്‍ സിങ്ങിന്‌റെ സിസിടിവിദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവിയില്‍ പതിയാതിരിക്കാന്‍ കുട ചൂടിയാണ് ഇയാള്‍ നടന്ന് നീങ്ങുന്നത്. തിങ്കളാഴ്ചയാണ് ഇയാള്‍ ഹരിയാനയില്‍ ഉണ്ടായത്. ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി പഞ്ചാബിലുടനീളം ഒളിച്ച് സഞ്ചരിക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
ശനിയാഴ്ചയാണ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് ശ്രമിച്ചത്. പോലീസിന്‌റെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂറിനിടെ അഞ്ച് തവണയാണ് അമൃത്പാല്‍ സിങ്ങ് വാഹനം മാറിയത്.
മാര്‍ച്ച് 18 ന് രാവിലെ 11:27ന് നിര്‍ത്തിയിട്ടിരുന്ന മാരുതി ബ്രെസ്സ കാറിന്റെ മുന്‍ സീറ്റില്‍ അമൃത്പാല്‍ സിങ് ഇരിക്കുന്നതായി ജലന്ധറിലെ ടോള്‍ ബൂത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അമൃത്പാല്‍ സിങ്ങിന്റെ ബന്ധുക്കളും 'വാരിസ് പഞ്ചാബ് ദേ' സംഘടനയിലെ അംഗങ്ങളും ഉള്‍പ്പെടെ 120 ലധികം പേരെയാണ് ദേശീയ സുരക്ഷാ നിയമത്തിന് (എന്‍എസ്എ) കീഴില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നടനും ഖലിസ്ഥാന്‍വാദി നേതാവുമായ ദീപ് സന്ധു രൂപീകരിച്ച സംഘടനയാണ് വാരിസ് പഞ്ചാബ് ദേ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ ദീപ് സന്ധു മരിച്ചതോടെ സംഘടനയുടെ നേതൃത്വം അമൃത്പാല്‍ സിങ് ഏറ്റെടുത്തു. അനുയായികള്‍ക്കിടയില്‍ ബിന്ദ്രന്‍വാല രണ്ടാമന്‍ എന്ന് അറിയപ്പെടുന്ന അമൃത്പാല്‍ സിങ്ങിനെതിരെ നിരവധി കൃറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നത്.
സഹായിയായ ലവ്പ്രീത് സിങ്ങിന്‌റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 23 മുതല്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ പഞ്ചാബില്‍ അരങ്ങേറിയിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അമൃത്പാല്‍ സിങ്ങിനെതിരെ പോലീസ് നടപടി ആരംഭിച്ചത്.