ഖാലിസ്ഥാന്‍വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ അമൃത്‌സര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഇന്ന് ഉച്ചയ്ക്ക് 1.30നുളള വിമാനത്തില്‍ ലണ്ടനിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് അധികൃതര്‍ കിരണ്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യൽ നടന്നുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കിരണ്‍ദീപ് കൗറിനെ അടുത്തിടെയാണ് അമൃത്പാല്‍ വിവാഹം കഴിച്ചത്.
കിരൺദീപ് കൗറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അമൃത്‌സറിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ എഐ 169 വിമാനത്തിലാണ് കിരണ്‍ദീപ് കടക്കാൻ ശ്രമിച്ചത്. എന്നാൽ എമിഗ്രേഷൻ വകുപ്പ് കിരണിനെ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് പഞ്ചാബ് പോലീസ് പറയുന്നു. വിമാനത്താവളത്തിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
അമൃത്പാൽ ഒളിവിൽ പോയതിനെ തുടർന്ന് കിരൺദീപ് പോലീസ് നിരീക്ഷണത്തിലായിരുന്നു. സംഭവത്തിൽ കിരൺദീപിനെ മുൻപും പോലീസ് ചോദ്യം ചെയ്തിരുന്നു. വാരിസ് ദേ പഞ്ചാബിന് വേണ്ടി വിദേശ ഫണ്ട് സ്വരൂപിച്ചതിൽ കിരൺദീപിന് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പഞ്ചാബിലാണ് ജനിച്ചതെങ്കിലും കുടുംബം ബ്രിട്ടനിലായതിനാൽ കിരൺദീപ് അവിടെയാണ് വളർന്നത്. 2023 ഫെബ്രുവരിയിൽ അമൃത്‌പാൽ സിങ്ങിനെ വിവാഹം കഴിച്ച ശേഷമാണ് കിരൺദീപ് അദ്ദേഹത്തോടൊപ്പം പഞ്ചാബിൽ താമസമാക്കിയത്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
ഒളിവിൽ കഴിയുന്ന അമൃത്പാൽ സിങ് തന്റെ അനുയായികൾക്കായി നിരവധി വീഡിയോ സന്ദേശങ്ങളാണ് അയച്ചത്. അമൃത്പാൽ കീഴടങ്ങിയേക്കുമെന്നുള്ള നിരവധി റിപ്പോർട്ടുകളും പുറത്തുവന്നെങ്കിലും ഇതുവരെ പോലീസിന് ഇയാളെ കണ്ടെത്താൽ സാധിച്ചിട്ടില്ല. എന്നാൽ അമൃത്പാലിന്റെ സഹായിയായ പൽപ്രീത് സിങ്ങും മറ്റൊരു സഹായി ജോഗാ സിങ്ങും അറസ്റ്റിലായിരിന്നു.