തമിഴ്നാട് ബി എസ് പി അധ്യക്ഷന്‍ ആംസ്ട്രോങ് കൊല്ലപ്പെട്ട കേസിലെ പ്രതിയെ തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ വധിച്ച് തമിഴ്നാട് പോലീസ്. മറ്റു നിരവധി കേസുകളിലും പതിയായ കൊടും ക്രിമിനലായി പോലീസ് കണക്കാക്കുന്ന തിരുവെങ്കടത്തെയാണ് തെളിവെടുപ്പിനിടെ പോലീസ് വെടിവച്ചു കൊന്നത്. ചെന്നൈ മാധവവാരത്ത് വച്ചാണ് സംഭവം.
ആംസ്ട്രോങ് വധക്കേസിന്റെ ഭാഗമായി 11 പേരെ പോലീസ് കഴിഞ്ഞ അഞ്ച് ദിവസമായി ചോദ്യം ചെയ്തു വരികയായിരുന്നു. കൊലപാതകത്തിനുപയുഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിന്റെ ഭാഗമായി രാവിലെ ഏഴുമണിക്ക് ആംസ്ട്രോങ് കൊല്ലപ്പെട്ട സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിക്കുകയായിരുന്നു. അവിടെ വച്ച് ഒരു എസ്ഐയെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച തിരുവെങ്കടത്തിനെതിരെ വെടിയുതിർത്തു എന്നാണ് പോലീസിന്റെ വിശദീകരണം.
വെടിയേറ്റ ഇയാളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നും പോലീസ് പറയുന്നു. ബിഎസ്പി തിരുവള്ളൂർ ജില്ലാ പ്രസിഡന്റ് തെന്നരസിന്റെ കൊലപാതകത്തിലും തിരുവെങ്കടത്തിനു പങ്കുള്ളതായി പോലീസ് പറയുന്നു. തമിഴ്നാട്ടില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് തിരുവെങ്കിടത്തിന്റേത്.
11 പ്രതികളെയും ജൂലൈ 11ന് ചെന്നൈ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതായിരുന്നു. വി പൊന്നൈ ബാലു, കെ മണിവണ്ണൻ, കെ തിരുവെങ്കടം, ഡി രാമു, ജെ സന്തോഷ്, എസ് തിരുമലൈ, ജി അരുൾ, ഡി സെൽവരാജ് എന്നിവർ സംഭവം നടന്നയുടനെ പോലീസിൽ കീഴടങ്ങിയവരാണ്. ഗോകുൽ, വിജയ്, ശിവശക്തി എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആംസ്‌ട്രോങിനെ ഡെലിവറി ബോയ്സ് എന്ന വ്യാജേന മൂന്ന് മോട്ടോർ ബൈക്കുകളിലെത്തിയ ആറംഗ സംഘം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയും അരിവാളും ഉപയോഗിച്ച് പിന്നിൽനിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 5 വെള്ളിയാഴ്ച വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നടന്ന ഈ കൊലപാതകം ദേശീയ തലത്തിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടു.
അഭിഭാഷകനും ദളിത് നേതാവുമായ കെ ആംസ്ട്രോങ്, വേണുഗോപാൽ സ്വാമി കോവിൽ സ്ട്രീറ്റിലെ നിർമാണത്തിലിരിക്കുന്ന തൻ്റെ വീടിന് സമീപം സുഹൃത്തുക്കൾക്കും അനുയായികൾക്കുമൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് കൊല്ലപ്പെടുന്നത്. 52- കാരനായ അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ സംസാരിച്ച ബിഎസ്‌പി അധ്യക്ഷ മായാവതി കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.