അമുല്‍ പാലിന്റെ വില വർധിപ്പിച്ചു. ഫുള്‍ ക്രീം മില്‍ക്കിന്റെയും എരുമപ്പാലിന്റെയും വില രണ്ട് രൂപ ഉയർത്തി. ഇതോടെ ലിറ്ററിന് 61 രൂപയായിരുന്ന പാലിന് 63 രൂപയായി വില. ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിലവർധന ബാധകമാണെന്ന് ഗുജറാത്ത് കോപറേറ്റീവ് മില്‍ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.
ഉത്സവ കാലത്ത് വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് അമുല്‍ വില കൂട്ടുന്നത്. മാർച്ചില്‍ രണ്ട് രൂപ കൂട്ടിയിരുന്നു. പിന്നാലെ അമുലിന്റെ ഗോള്‍ഡ്, ശക്തി, താസ പാല്‍ ബ്രാൻഡുകളുടെ വിലയും രണ്ട് രൂപ വീതം ഓഗസ്റ്റില്‍ വർധിപ്പിച്ചു. പ്രവർത്തന ചെലവും ഉത്പാദന ചെലവും വർധിച്ചതിനാലാണ് വില കൂട്ടിയെതെന്നായിരുന്നു അമുല്‍ വ്യക്തമാക്കിയിരുന്നത്.
അമുല്‍ എന്ന പേരില്‍ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപറേറ്റീവ് മില്‍ക് മാർക്കറ്റിങ് ഫെഡറേഷനാണ്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് വില വർധനവില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, ഗുജറാത്ത് കോപറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ എന്ന സഹകരണ സ്ഥാപനത്തെ അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്‍സിഎസ്) രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തിലാണ് ലയന പദ്ധതി കേന്ദ്രമന്ത്രി അറിയിച്ചത്. പ്രാഥമിക നടപടികൾ ആരംഭിച്ചതായും അമിത് ഷാ വ്യക്തമാക്കിയിരുന്നു.