INDIA

ഭീഷണിപ്പെടുത്താൻ വീട്ടിലെത്തി, മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും പരാതിയുമായി ആനന്ദ് ദെഹദ്രായ്

നേരത്തെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ കോഴ വാങ്ങിയെന്നാരോപണം ആനന്ദ് ആയിരുന്നു ആദ്യം ഉന്നയിച്ചത്

വെബ് ഡെസ്ക്

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും പരാതിയുമായി മുൻ പങ്കാളിയും അഭിഭാഷകനുമായ ആനന്ദ് ദെഹദ്രായ്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ആനന്ദ് പരാതി നൽകിയിരിക്കുന്നത്. താനില്ലാത്ത സമയത്ത് തന്റെ വീട്ടിൽ മഹുവ അതിക്രമിച്ച് കയറിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആനന്ദിന്റെ പരാതി.

നവംബർ അഞ്ച്, ആറ് തീയതികളിൽ മഹുവ വീട്ടിലേക്ക് എത്തിയതെന്നും തനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് കൊടുക്കുക ലക്ഷ്യമിട്ടാണ് മഹുവ വീട്ടിലേക്ക് വന്നതെന്നും പരാതിയിൽ പറയുന്നു. നേരത്തെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ കോഴ വാങ്ങിയെന്നാരോപണം ആനന്ദ് ആയിരുന്നു ആദ്യം ഉന്നയിച്ചത്.

പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് ആനന്ദ് ദേഹാദ്രായി കത്തയക്കുകയായിരുന്നു. ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവച്ചെന്നുമുള്ള പരാതികളായിരുന്നു ഇത്.

മൊയ്ത്രക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നിഷികാന്ത് ദുബെയുടെയും ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ വരെ മൊയ്ത്ര ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ ദുബെ അവകാശപ്പെട്ടിരുന്നു. തുടർന്ന് കേസ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരുന്നു.

സംഭവത്തിൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ മഹുവ ചോദ്യങ്ങളിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മൊയ്ത്ര വ്യക്തമാക്കിയിരുന്നു. കമ്മറ്റിയിലെ പ്രതിപക്ഷ എംപിമാരും ചോദ്യങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു.

ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തിൽ താൻ നിരപരാധിയാണെന്ന് മഹുവ എത്തിക്‌സ് പാനൽ കമ്മിറ്റിയെ അറിയിച്ചു. ജയ് അനന്ത് ദേഹാദ്രായിയുമായുള്ള വ്യക്തിബന്ധം തകർന്നതിന് പിന്നാലെയുണ്ടായ വിദ്വേഷത്തിന്റെ പേരിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും മഹുവ എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ