INDIA

അതിശക്തമായ മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും, മരണം 25; 140 ട്രെയിനുകള്‍ റദ്ദാക്കി, 97 എണ്ണം വഴിതിരിച്ചുവിട്ടു

വെബ് ഡെസ്ക്

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അതിശക്തമായ മഴയും പ്രളയവും. ആന്ധ്രയില്‍ 15 പേരും തെലങ്കാനയില്‍ പത്തുപേരും പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്ത മഴയില്‍ പലയിടങ്ങളും മുങ്ങി. റോഡിലും റെയില്‍പ്പാളങ്ങളിലും വെള്ളം കയറിയതോടെ ഇരു സംസ്ഥാനങ്ങളിലെയും റോഡ്, റെയില്‍ ഗതാഗതം താറുമാറായി.

കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനില്‍നിന്ന് സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ ചിലതും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22648 കൊച്ചുവേളി - കോര്‍ബ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 22815 ബിലാസ്പൂര്‍-എറണാകുളം എക്‌സ്പ്രസ്, സെപ്റ്റംബര്‍ നാലിന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22816 എറണാകുളം-ബിലാസ്‌പുര്‍ എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വിജയവാഡ ഡിവിഷനില്‍ 140 ട്രെയിനുകള്‍ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിലുമായി 26 എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് വിന്യസിച്ചത്. വരുംദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അടിയന്തര അവലോകന യോഗം ചേര്‍ന്ന് ജാഗ്രത പാലിക്കണമെന്നും പ്രളയബാധിതപ്രദേശങ്ങളില്‍ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അടിയന്തരകാര്യങ്ങളുണ്ടെങ്കിൽ മാത്രമേ വീടുകളില്‍നിന്ന് പുറത്തിറങ്ങാവൂയെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായും സംസാരിക്കുകയും കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി