മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപിയുടെ ദേശീയ വക്താവായി നിയമിച്ചു. നിലവിൽ ബിജെപിയുടെ ദേശീയ സെക്രട്ടറിയാണ് അനിൽ ആന്റണി.
നിയമനം സംബന്ധിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഉത്തരവിറക്കി. നിയമനം ഉടനടി പ്രാബല്യത്തിൽ വരും. "ബിജെപി ദേശീയ പ്രസിഡന്റ് ശ്രീ ജഗത് പ്രകാശ് നദ്ദ, ദേശീയ സെക്രട്ടറി ശ്രീ അനിൽ ആന്റണിയെ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായും നിയമിച്ചു. ഈ നിയമനം ഉടൻ പ്രാബല്യത്തിൽ വരും," ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ വർഷമാദ്യമാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് അനിൽ കെ ആന്റണി, കോൺഗ്രസ് വിട്ടത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനിൽ ചുമതലകളിൽ നിന്ന് ഒഴിയുകയായിരുന്നു. തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും അനിൽ ആരോപിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം ഒരു കുടുംബത്തിന് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്നും വിമർശനം ഉന്നയിച്ചു. തുടർന്ന് ഏപ്രിലിൽ ബിജെപിയില്‍ ചേര്‍ന്നു.
കഴിഞ്ഞ മാസം അനിലിനെ ബിജെപി ദേശീയ സെക്രട്ടറി ആയി നിയമിച്ചിരുന്നു. 13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായിട്ടായിരുന്നു നിയമനം.രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ബിജെപി നേതൃസ്ഥാനങ്ങളിൽ നടത്തിയ അഴിച്ചുപണികളുടെ ഭാഗമായാണ് അനില്‍ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. ബിജെപി ദേശീയ സെക്രട്ടറിയായി മഞ്ജീന്ദർ സിങ് സിർസയെയും ഇന്ന് നിയമിച്ചിട്ടുണ്ട്.